സതീശൻ ഡൽഹിയിലെത്തി മോദിയെ കണ്ടു, പിറ്റേന്ന് പിണറായിയുടെ വീട്ടിൽ റെയ്ഡ്; ആസൂത്രിതനീക്കമെന്ന് പി. ജയരാജൻ
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷന്റെ ഭാഗമാണെന്ന് സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ ആരോപിച്ചു. റെയ്ഡ് നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് ആരംഭിച്ചതിന് പിന്നിൽ ഇരുപാർട്ടികളുടെയും കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോൾ എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്ന് പരസ്യമായി ചോദിച്ചിരുന്നു. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിനെ തകർക്കാൻ പദ്ധതിയിട്ട സംഘപരിവാർ, അതിന്റെ തുടർച്ചയായി സാംസ്കാരിക മാർക്സിസത്തെ ഉന്മൂലനം ചെയ്യുമെന്ന് നരേന്ദ്ര മോദി വഴി പ്രഖ്യാപിച്ചിട്ടുമുണ്ട്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടതുപക്ഷത്തെ തകർക്കാനുള്ള വ്യക്തമായ പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടകവീട്ടിലും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നത് കൃത്യമായ പ്ലാനിങ്ങാണ്. എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയെ മാറ്റി പുതിയ ജഡ്ജിയെ കൊണ്ടുവന്നു. ആ കേസിൽ വിധി പറയുന്നതിന് മുമ്പേ, കേരള ഹൈക്കോടതിയിൽ നിന്ന് അന്വേഷണത്തിന് അനുമതി വാങ്ങിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഇഡി നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് സംഘപരിവാറിന്റെ ഒരു എക്സ്ട്രാ ഡിപ്പാർട്ടുമെന്റായിട്ടാണ് ഇഡി പ്രവർത്തിക്കുന്നത്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസ് നേതാക്കന്മാർ. സംഘപരിവാറിനെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കന്മാരെ ഇതേപോലെ കള്ളക്കേസിൽ പ്രതി ചേർക്കാൻ നടത്തുന്ന ഹീനമായ ശ്രമങ്ങളുടെ കേരളത്തിലെ പുതിയ അധ്യായമാണിത്. ഇന്ത്യയിൽ മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്തായാണ് കേരളം നിലനിൽക്കുന്നത്. പലയിടത്തും സംഘപരിവാർ കോൺഗ്രസിനെ വിഴുങ്ങിക്കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടുകൊണ്ടാണ് അവർക്ക് കേരളത്തെ വിഴുങ്ങാൻ കഴിയാത്തതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.