‘അത് കത്രികയല്ല; വയറിൽ കുടുങ്ങിയാലും പ്രശ്‌നമില്ല’- ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബിക
ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ വിവാദ പ്രതികരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക. വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും ‘മസ്‌കിറ്റോ’ എന്ന ചെറിയ ഉപകരണമാണെന്നും അവർ പറഞ്ഞു. ഇത്തരമൊരു ഉപകരണം ശരീരത്തിനുള്ളിൽ ഇരുന്നാൽ 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന ഡോക്ടറുടെ പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
2021ൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കുടുങ്ങിയത്. എന്നാൽ താനല്ല ഈ ശസ്ത്രക്രിയ നടത്തിയതെന്നും, വകുപ്പ് മേധാവിയായതിനാലാണ് തന്റെ പേര് പറയുന്നതെന്നും ഡോ. ലളിതാംബിക മാധ്യമങ്ങളോട് വ്യക്തമാക്കി. രോഗി ഇതിനുമുമ്പും ശസ്ത്രക്രിയകൾക്ക് വിധേയയായിട്ടുണ്ടെന്നും അന്ന് കുടുങ്ങിയതാകാം ഇതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഡോക്ടറുടെ പ്രതികരണം സ്വന്തം തൊഴിലിനോടുള്ള അനാദരവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വിമർശിച്ചു.
സംഭവത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ സമ്മതിച്ചു. വിഷയത്തിൽ അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ചു വർഷത്തോളം കടുത്ത വേദന അനുഭവിച്ച ഉഷ, കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വയറ്റിൽ 10 സെന്റിമീറ്ററോളം വലിപ്പമുള്ള ഉപകരണം കണ്ടെത്തിയത്. നിലവിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ രാഷ്ട്രീയ രംഗത്തുനിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.