ഖാംനഇയെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം; കാര്യാലയത്തിനു പരിസരത്ത് സ്‌ഫോടനമെന്ന് റിപ്പോർട്ട്
തെഹ്‌റാൻ: പശ്ചിമേഷ്യയെ നടുക്കിക്കൊണ്ട് ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത മിന്നലാക്രമണം. ശനിയാഴ്ച പകൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെയുള്ള നേതാക്കളെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെഹ്റാനിലെ ഡൗൺടൗണിലുള്ള ഖാംനഇയുടെ കാര്യാലയത്തിനും വസതിക്കും സമീപമാണ് അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്‌ഫോടനത്തെ തുടർന്ന് തൈഹ്റാൻ നഗരത്തിന്റെ മധ്യഭാഗത്ത് നിന്ന് വലിയ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ 86-കാരനായ ഖാംനഇ കാര്യാലയത്തിൽ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ, പരമോന്നത നേതാവിനെ തെഹ്റാനിൽനിന്നു മാറ്റി സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ചതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങളാൽ ഖാംനഇയുടെ കാര്യാലയത്തിലേക്കും കോമ്പൗണ്ടിലേക്കുമുള്ള റോഡുകളെല്ലാം ഇറാൻ ഭരണകൂടം അടച്ചുപൂട്ടിയിരിക്കുകയാണ്.
ഇറാനെതിരെ നടക്കുന്ന ഈ മിന്നലാക്രമണത്തിൽ അമേരിക്കൻ സൈന്യവും പങ്കാളികളാണെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിന് നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കാനാണ് ഈ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുടനീളം അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇറാനിൽനിന്നുള്ള കനത്ത പ്രത്യാക്രമണം ഭയന്ന് ഇസ്രയേലിലുടനീളം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ ഇറാനും ഇസ്രയേലും തങ്ങളുടെ വ്യോമപാതകൾ പൂർണമായും അടച്ചുപൂട്ടി. തെഹ്റാനിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും തടസപ്പെട്ടിരിക്കുകയാണ്.