07/03/2026
[fontresizer_tawhidurrahmandear_widget]

‘മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്, മെമ്പർഷിപ്പ് പുതുക്കണം’; ജി സുധാകരനെ ഫോണിൽ വിളിച്ച് എംവി ​ഗോവിന്ദൻ, അംഗത്വം പുതുക്കില്ലെന്ന് നിലപാട്‌

 ‘മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്, മെമ്പർഷിപ്പ് പുതുക്കണം’; ജി സുധാകരനെ ഫോണിൽ വിളിച്ച് എംവി ​ഗോവിന്ദൻ, അംഗത്വം പുതുക്കില്ലെന്ന് നിലപാട്‌

ആലപ്പുഴ: സിപിഎമ്മിലെ മുതിർന്ന നേതാവായ ജി സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീവ്രശ്രമം തുടരുന്നു. അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച സുധാകരനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകുന്നതായിരുന്നു സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വാർത്താസമ്മേളനത്തിൽ എംവി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തിനാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്. താൻ സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും ഗോവിന്ദൻ വിശദീകരിച്ചു. എന്നാൽ, പാർട്ടിക്കുള്ളിൽ താൻ നേരിടുന്ന അവഗണന കേവലം ഒരു ചിരിയിൽ ഒതുങ്ങുന്നതല്ലെന്ന നിലപാടിലാണ് സുധാകരൻ.

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് എത്തിയ തന്നെ ജില്ലാ നേതൃത്വം അവഗണിക്കുകയാണെന്നും പൊതുപരിപാടികളിൽ നിന്ന് ബോധപൂർവം മാറ്റിനിർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികാഘോഷത്തിൽ പോലും തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന പരിഭവം അദ്ദേഹം പങ്കുവെച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും അനുനയ നീക്കവുമായി ബന്ധപ്പെട്ടെങ്കിലും അംഗത്വ ഫോറം പൂരിപ്പിച്ചു നൽകാൻ സുധാകരൻ തയ്യാറായില്ല. പാർട്ടിയിലെ സമുന്നത നേതാവ് പടിയിറങ്ങുന്നത് ജില്ലയിലെ സിപിഎമ്മിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also read: