28/03/2026
[fontresizer_tawhidurrahmandear_widget]

യുവരക്തവും പെൺകരുത്തും; മുസ്‌ലിം ലീഗ് കാത്തുവച്ച സർപ്രൈസ്, തലമുറമാറ്റത്തിന്റെ കാഹളം

 യുവരക്തവും പെൺകരുത്തും; മുസ്‌ലിം ലീഗ് കാത്തുവച്ച സർപ്രൈസ്, തലമുറമാറ്റത്തിന്റെ കാഹളം

ടി.പി അഷ്റഫലി, പി.കെ ഫിറോസ്, ജയന്തി രാജന്‍, ഫാത്തിമ തഹ്‍ലിയ

മലപ്പുറം: മുസ്ലിം ലീഗ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. വലിയ മുന്നൊരുക്കത്തോടെ തയ്യാറാക്കിയ പട്ടികയിൽ ‘സർപ്രൈസുകൾ’ നിരവധിയാണ്.

വനിതാ പ്രാതിനിധ്യത്തിന് നൽകിയ മുൻഗണനയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പേരാമ്പ്രയിൽ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ ജനവിധി തേടും. നിയമസഭയിൽ ഒരു ലീഗ് വനിതാ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തഹ്ലിയയെ കളത്തിലിറക്കിയിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ജയന്തി രാജനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ വലിയൊരു രാഷ്ട്രീയ സന്ദേശമാണ് പാർട്ടി നൽകുന്നത്. പാർട്ടി അണികൾക്കിടയിലും പൊതുസമൂഹത്തിലും മികച്ച സ്വീകാര്യതയുള്ള രണ്ട് വനിതകളെ ഒരേസമയം അങ്കത്തട്ടിലിറക്കുന്നത് ലീഗ് ചരിത്രത്തിലെ വിപ്ലവകരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

യുവത്വവും പുതുരക്തവും നിറഞ്ഞ നിര
യൂത്ത് ലീഗ് നിരയിലെ കരുത്തരായ നേതാക്കളെ നേരിട്ട് നിയമസഭയിലേക്ക് എത്തിക്കാനാണ് ഇത്തവണ പാർട്ടി ലക്ഷ്യമിടുന്നത്. കൊടുവള്ളിയിൽ പാർട്ടിയുടെ തീപ്പൊരി നേതാവും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ ഫിറോസ് മത്സരിക്കും. കോഴിക്കോട് സൗത്തിൽ ഡോ. എം.കെ മുനീറിന് പകരം യൂത്ത് ലീഗ് ദേശീയ നേതാവ് ഫൈസൽ ബാബു സ്ഥാനാർത്ഥിയാകും. കൊണ്ടോട്ടിയിൽ യൂത്ത് ലീഗ് ദേശീയ നേതാവ് ടി.പി അഷ്‌റഫലിയും താനൂരിൽ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസും ജനവിധി തേടും.

ഇവർക്ക് പുറമെ അഡ്വ. സമീർ (തിരൂരങ്ങാടി), കാസിം കൂടരഞ്ഞി (തിരുവമ്പാടി) തുടങ്ങിയ പുതുമുഖങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മുതിർന്ന നേതാക്കളായ കെ.പി.എ മജീദ്, പി.കെ അബ്ദുറബ്ബ് എന്നിവർ സ്വയം സന്നദ്ധരായി മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത് പാർട്ടിയിൽ പുതിയൊരു കീഴ്‌വഴക്കത്തിന് തുടക്കമിട്ടു. ആരോഗ്യ കാരണങ്ങളാൽ എം.കെ മുനീറും വിട്ടുനിന്നതോടെ യുവനേതാക്കൾക്ക് മുന്നിൽ വഴിതെളിഞ്ഞു.

Also read: