04/06/2026
[fontresizer_tawhidurrahmandear_widget]

’ഇസ്രയേൽ ഒരു വികാരവിക്ഷോഭത്തിൽ ചെയ്തു പോയതാണ്; ഇനി ആക്രമിക്കില്ല’-ഇറാനോട് ട്രംപ്

 ’ഇസ്രയേൽ ഒരു വികാരവിക്ഷോഭത്തിൽ ചെയ്തു പോയതാണ്; ഇനി ആക്രമിക്കില്ല’-ഇറാനോട് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അമേരിക്കയ്ക്കോ ഖത്തറിനോ പങ്കില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ വൈകാരികമായുണ്ടായ രോഷത്തിന്റെ പുറത്ത് ചെയ്തതാണ് ആക്രമണമെന്നും ഇനി അത്തരം നീക്കങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിന്റെ പേരിൽ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങൾക്കെതിരെ ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

ഖത്തറിലെ റാസ് ലഫാൻ എൽ.എൻ.ജി പ്ലാന്റിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം അന്യായമാണെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിൽ കുറിച്ചു. ഖത്തറിന് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ ഇറാൻ ഇതുവരെ കാണാത്ത രീതിയിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇറാന്റെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡായ സൗത്ത് പാർസ് അമേരിക്ക നേരിട്ട് തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഗൾഫ് സഖ്യകക്ഷികളുടെ ഊർജ്ജ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ യുഎസ് സൈനികമായി ഇടപെടുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണി വലിയ പ്രതിസന്ധിയിലാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതും സ്ഥിതി സങ്കീർണ്ണമാക്കി. ഫെബ്രുവരിയിൽ തുടങ്ങിയ പോരാട്ടം മേഖലയിലെ സമാധാനത്തെ തകർക്കുന്ന ഘട്ടത്തിലാണ് ട്രംപിന്റെ ഈ ഇടപെടൽ. ഇസ്രയേലിനെ നിയന്ത്രിക്കാമെന്ന് ഉറപ്പുനൽകുന്നതോടൊപ്പം തന്നെ ഗൾഫ് മേഖലയിലെ അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്.

Also read: