‘കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു’; ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം, പാർലമെന്റിൽ നോട്ടീസ് നൽകി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ എംപിമാർ രംഗത്ത്. അദ്ദേഹം കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച്, സിഇസിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി. ലോകസഭയിൽ 130 ഉം രാജ്യസഭയിൽ 63 ഉം അംഗങ്ങൾ ഒപ്പിട്ട നോട്ടീസാണ് സമർപ്പിച്ചത്.
ഏഴ് കുറ്റങ്ങളാണ് നോട്ടീസിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) മറവിൽ ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് വോട്ടർമാരെ ആസൂത്രിതമായി ഒഴിവാക്കിയെന്നും ഇത് ഭരണകക്ഷിയെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വോട്ടർ പട്ടിക പരിഷ്കരണം ‘പിൻവാതിൽ വഴിയുള്ള എൻആർസി’ ആണെന്നാണ് തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്.
കൂടാതെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതായും അന്വേഷണങ്ങൾ തടസ്സപ്പെടുത്തിയതായും നോട്ടീസിൽ പറയുന്നു. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ സങ്കീർണ്ണമായ ‘ഇംപീച്ച്‌മെന്റ്’ നടപടിക്രമങ്ങളിലൂടെ മാത്രമേ സിഇസിയെ നീക്കം ചെയ്യാനാകൂ. നോട്ടീസ് അംഗീകരിക്കപ്പെട്ടാൽ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്തേണ്ടി വരും. കേന്ദ്ര സർക്കാർ നോട്ടീസിൽ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.