01/04/2026
[fontresizer_tawhidurrahmandear_widget]

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

 സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി എംപി സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് എ.എസ് ബിനോയ് നൽകിയ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, കേസിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിച്ചുവെന്നും മതവികാരം ഇളക്കിവിട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമാണ് ഹരജിയിലെ പ്രധാന ആരോപണം. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹരജിക്കാരൻ വാദിക്കുന്നു. ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.

ഹരജി പ്രാഥമികമായി നിലനിൽക്കുന്നതല്ലെന്നും അതിനാൽ തള്ളിക്കളയണമെന്നുമാണ് സുരേഷ് ഗോപി ഉപഹരജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ വാദങ്ങൾ തള്ളിയ സിംഗിൾ ബെഞ്ച്, പരാതിയിൽ ഗൗരവകരമായ വിചാരണ ആവശ്യമാണെന്ന് നിരീക്ഷിച്ചു.

സുരേഷ് ഗോപിയെ സംബന്ധിച്ച് രാഷ്ട്രീയമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ വിധി. തെരഞ്ഞെടുപ്പ് കേസിൽ വിചാരണ നടപടികളുമായി ഹൈക്കോടതി ഇനി മുന്നോട്ട് പോകും. ഇതോടെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അനിശ്ചിതത്വം നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.

Also read: