02/04/2026
[fontresizer_tawhidurrahmandear_widget]

‘അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ ഡിഫൻസ് ഞങ്ങൾക്ക് വേണ്ട’; കരാർ റദ്ദാക്കാൻ സ്വിറ്റ്സർലൻഡ്

 ‘അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ ഡിഫൻസ് ഞങ്ങൾക്ക് വേണ്ട’; കരാർ റദ്ദാക്കാൻ സ്വിറ്റ്സർലൻഡ്

ബേൺ: അമേരിക്കയിൽനിന്ന് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽനിന്നു പിന്മാറാൻ സ്വിറ്റ്‌സർലൻഡ്.സ്വിസ് പ്രതിരോധ മന്ത്രി മാർട്ടിൻ ഫിസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഡിഫൻസ് വിതരണത്തിന്റെ കാലാവധിയുടെ കാര്യത്തിൽ യുഎസ് ഭരണകൂടം ഔദ്യോഗികമായി ഉറപ്പ് നൽകുന്നതുവരെ പ്രതിരോധ ഫണ്ടിലേക്കുള്ള പണമടയ്ക്കൽ സ്വിറ്റ്സർലൻഡ് തടഞ്ഞുവെച്ചിരിക്കുകയാണ്.

2022-ലാണ് നാറ്റോയിൽ അംഗമല്ലാത്ത സ്വിറ്റ്സർലൻഡ് അഞ്ച് പേട്രിയറ്റ് സംവിധാനങ്ങൾക്കായി കരാർ ഒപ്പിട്ടത്. 2026ൽ വിതരണം ആരംഭിച്ച് 2028-ഓടെ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, യുക്രെയ്‌ന് കൂടുതൽ പിന്തുണ നൽകേണ്ടി വരുന്നതിനാൽ സ്വിറ്റ്സർലൻഡിനുള്ള വിതരണം വൈകുമെന്ന് കഴിഞ്ഞ ജൂലൈയിൽ അമേരിക്ക അറിയിച്ചിരുന്നു.

ഇതിനുപുറമെ, പശ്ചിമേഷ്യയിൽ തുടർച്ചയായുണ്ടാകുന്ന യുദ്ധങ്ങൾ പ്രതിരോധ സാമഗ്രികളുടെ വിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗസ്സ യുദ്ധം, ഹിസ്ബുല്ല, ഹൂത്തി ഗ്രൂപ്പുകൾക്കെതിരെയുള്ള നീക്കങ്ങൾ, രണ്ട് വർഷത്തിനിടെ ഇറാനെതിരെ നടന്ന രണ്ട് വലിയ സൈനിക നടപടികൾ എന്നിവ മിസൈൽ ഡിഫൻസ് സംവിധാനങ്ങളുടെ ആഗോള ലഭ്യത കുറച്ചു. ഇസ്രയേലിനും മറ്റ് സഖ്യകക്ഷികൾക്കും മുൻഗണന നൽകുന്നതിനാലാണ് സ്വിറ്റ്സർലൻഡിനുള്ള വിതരണം അനിശ്ചിതത്വത്തിലായത്.

പേട്രിയറ്റ് വിതരണ ഷെഡ്യൂളിനെക്കുറിച്ചും പണമടയ്‌ക്കേണ്ട ഘട്ടങ്ങളെക്കുറിച്ചും ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതായി സ്വിസ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ആയുധ കരാറിൽ പണമടയ്ക്കൽ സ്വിറ്റ്സർലൻഡ് നിർത്തിവെച്ചിരുന്നുവെങ്കിലും, എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനായി നൽകിയ തുക അമേരിക്ക ഈ പദ്ധതിയിലേക്ക് വകമാറ്റിയതായി സ്വിസ് ആയുധ വിഭാഗം മേധാവി ഉർസ് ലോഹർ വെളിപ്പെടുത്തി. ഇത് ഫണ്ടിന്റെ ലഭ്യതയെ ബാധിക്കുമെന്നും പേട്രിയറ്റ് പദ്ധതിയെ മാത്രമല്ല, അമേരിക്കയുമായുള്ള മൊത്തം പ്രതിരോധ ഇടപാടുകളെയും അപകടത്തിലാക്കിയേക്കുമെന്നും സ്വിസ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. എഫ്-35 വിമാനങ്ങളുടെ വിതരണത്തെ ബാധിക്കാതിരിക്കാൻ മാർച്ചിൽ സർക്കാർ അധിക തുക അനുവദിച്ചിട്ടുണ്ട്.

കരാർ റദ്ദാക്കുകയാണെങ്കിൽ അതിന്റെ നിബന്ധനകൾ എന്തായിരിക്കുമെന്ന് നിലവിൽ വ്യക്തമല്ല. വിതരണ ക്രമം, ചെലവ്, കരാർ നിർത്തിവെച്ചാലുള്ള പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് വരും ആഴ്ചകളിൽ അമേരിക്ക സ്വിറ്റ്സർലൻഡിനെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ, പേട്രിയറ്റ് പദ്ധതിയുമായി മുന്നോട്ടുപോകണമോ എന്ന കാര്യത്തിൽ ജൂൺ അവസാനത്തോടെ സ്വിസ് ഫെഡറൽ കൗൺസിൽ അന്തിമ തീരുമാനമെടുക്കും.

ഇറാൻ യുദ്ധത്തിൽ നാറ്റോ അംഗങ്ങൾ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ കടുത്ത എതിർപ്പ് തുടരുന്നതിനിടെയാണ് യൂറോപ്പിൽനിന്നു പുതിയ വാർത്തയും വരുന്നത്.
ഇറാനെതിരായ സൈനിക നടപടിയിൽ പങ്കെടുക്കുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധി ഉപയോഗിക്കാൻ നാറ്റോ അംഗങ്ങളായ സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ അനുമതി നിഷേധിച്ചത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിരുന്നു. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ പ്രമുഖ സഖ്യകക്ഷികൾ സൈനിക നീക്കത്തിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇത്തരത്തിൽ അന്താരാഷ്ട്രതലത്തിൽ തന്നെ അമേരിക്ക കൂടുതൽ ഒറ്റപ്പെടുകയാണെന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

Also read: