09/04/2026
[fontresizer_tawhidurrahmandear_widget]

പിണക്കം തീരുന്നില്ല; എസ്. ജയശങ്കർ പേരു പറഞ്ഞില്ല, പ്രചാരണ പരിപാടിയിൽനിന്ന് ആർ. ശ്രീലേഖ ഇറങ്ങിപ്പോയി

 പിണക്കം തീരുന്നില്ല; എസ്. ജയശങ്കർ പേരു പറഞ്ഞില്ല, പ്രചാരണ പരിപാടിയിൽനിന്ന് ആർ. ശ്രീലേഖ ഇറങ്ങിപ്പോയി

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിപ്പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ പിണക്കം. നേരത്തെ, തിരുവനന്തപുരം കോർപറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പിണക്കം ഇപ്പോഴും തുടരുകയാണ് ശ്രീലേഖ.

മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മസ്‌കത്ത് ഹോട്ടലിൽ നടന്ന കൺവെൻഷനിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ ലോക്‌സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പ്രസംഗത്തിൽ എടുത്തുപറഞ്ഞത്. വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേരോ മണ്ഡലത്തിന്റെ പേരോ പരാമർശിച്ചില്ല. ഇതോടെ ക്ഷുഭിതയായ ശ്രീലേഖ വേദിയിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു. പിന്നീട് ബിജെപി നേതാക്കളായ വി.വി രാജേഷ്, എസ്. ഓമന എന്നിവർ ചേർന്ന് ഏറെ നേരം സംസാരിച്ച ശേഷമാണ് അവർ മടങ്ങിവന്നത്.

ശ്രീലേഖയും ബിജെപി നേതൃത്വവും തമ്മിലുള്ള ഭിന്നതയ്ക്ക് മാസങ്ങളുടെ പഴക്കമുണ്ട്. തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം ലഭിച്ചാൽ ശ്രീലേഖയെ മേയറാക്കുമെന്ന ഉറപ്പിലായിരുന്നു അവർ മത്സരിച്ചിരുന്നത്. എന്നാൽ, ചരിത്രപരമായ വിജയത്തിന് ശേഷം പാർട്ടി നേതൃത്വം വി.വി രാജേഷിനെ മേയറായി തിരഞ്ഞെടുത്തു. ഇത് ശ്രീലേഖയെ ചൊടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളെ കാണാനായി ബിജെപി കൗൺസിലർമാർ നടത്തിയ ഡൽഹി യാത്രയിൽനിന്നു വിട്ടുനിന്നും അവർ പ്രതിഷേധം അറിയിച്ചു.

കോർപറേഷൻ വിജയാഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ നടന്ന അനുമോദന ചടങ്ങിലും ശ്രീലേഖയെ അവഗണിച്ചതായി ആരോപണമുയർന്നു. അന്ന് വേദിയിലുണ്ടായിട്ടും പ്രധാനമന്ത്രിയെ നേരിൽ കാണാൻ അവർ തയാറായില്ല. പിന്നാലെ, പരിപാടി കഴിയും മുൻപ് വേദി വിട്ടിറങ്ങിപ്പോകുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

ഇതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ അവരെ അനുനയിപ്പിച്ച് വീണ്ടും മത്സരരംഗത്തിറക്കുകയായിരുന്നു.

Also read: