ടൗൺഷിപ്പിലെ വീട്ടിലേക്ക് സൂക്ഷിച്ച ഉപകരണങ്ങൾ കവർന്നു; ദുരന്തബാധിതരുടെ കട്ടിലും അലമാരയുമടക്കം മോഷ്ടിച്ചു
കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. മുണ്ടക്കൈ ജിഎൽപി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ സുൽത്താന്റെ വീട്ടിലാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്. വീടിനുള്ളിലുണ്ടായിരുന്ന കട്ടിൽ, അലമാര, വാഷ്ബേസിൻ, ഷവർ തുടങ്ങിയവയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ഉരുൾപൊട്ടലിൽ വീടിന് തകരാർ സംഭവിച്ചിരുന്നെങ്കിലും ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിരുന്നില്ല. സർക്കാർ അനുവദിച്ച ടൗൺഷിപ്പിലെ പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ കൊണ്ടുപോകാനായി സൂക്ഷിച്ചതായിരുന്നു ഇവയെന്ന് സുൽത്താൻ പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത്.
സംഭവത്തിൽ സുൽത്താൻ മേപ്പാടി പോലീസിൽ പരാതി നൽകി. ദുരന്തബാധിത മേഖലയിൽ ആൾതാമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളിൽ നേരത്തെയും മോഷണങ്ങൾ നടന്നതായി പരാതിയുണ്ട്. ദുരിതബാധിതരുടെ അവശേഷിക്കുന്ന സമ്പാദ്യം കൂടി കവർന്നെടുക്കുന്ന സംഘങ്ങൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.