കാറും അകമ്പടിയുമില്ലാതെ പിണറായി വിജയന് ; യാത്ര എകെജി സെന്ററിന്റെ വാഹനത്തില്‍, ക്ലിഫ്ഹൗസും ഉടന്‍ ഒഴിഞ്ഞേക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഔദ്യോഗിക വാഹനങ്ങളും അകമ്പടിയും ഉപേക്ഷിച്ചു. കണ്ണൂരില്‍ നിന്നും ഇന്ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഔദ്യോഗിക വാഹനം ഒഴിവാക്കി എകെജി സെന്ററിന്റെ വാഹനത്തിലായിരുന്നു യാത്ര ചെയ്തത്.
ഇന്ന് രാത്രി തന്നെ ഔദ്യോഗിക വസതിയും വിട്ടേക്കുമെന്നാണ് സൂചനകള്‍. ക്ലിഫ്ഹൗസില്‍ നിന്നും മാറുന്ന പിണറായിക്ക് വേണ്ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ചിന്താഫ്ളാറ്റിലും മുറിയൊരുങ്ങുന്നതായി വിവരമുണ്ട്. നേരത്തേ സാധാരണ സുരക്ഷ ഒഴിച്ചാല്‍ മുഖ്യമന്ത്രിമാര്‍ക്ക് കിട്ടുന്ന കൂടുതല്‍ അകമ്പടി വാഹനങ്ങളെല്ലാം പിണറായി വിജയന് ഒഴിവാക്കിയിരുന്നു.
ഇടതുപക്ഷത്ത് ഇനി നില്‍ക്കുന്നത് പ്രതിപക്ഷ നേതാവ് ആരെന്ന ചര്‍ച്ചകളാണ്. പിണറായി വിജയന് പ്രതിപക്ഷ നേതൃത്വം ഏറ്റെടുത്തേക്കില്ലെന്ന് വിവരമുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും പ്രായാധിക്യം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാരണമാക്കിയും അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങിയേക്കുമെന്നുമാണ് വിവരങ്ങള്‍. പ്രതിപക്ഷ നേതൃസ്ഥാനം ടി.എന്‍. ബാലഗോലിനായിരിക്കും നല്കിയേക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലായിരിക്കും തീരുമാനം എടുക്കുക.