ബംഗാളിൽ പണി തുടങ്ങി ബിജെപി; വിജയാഘോഷത്തിനിടെ ബുൾഡോസറുമായി ഇടച്ചിക്കടകൾ തകർത്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ കൊൽക്കത്ത നഗരത്തിൽ നാടകീയ രംഗങ്ങൾ. ഉത്തർപ്രദേശിലെ ‘ബുൾഡോസർ രാജി’ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും
വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന സംഭവത്തിൽ ബിജെപി പ്രവർത്തകർ ബുൾഡോസറിന് മുകളിൽ കയറി ‘ജയ് ശ്രീറാം’ വിളികളുമായി വിജയാഘോഷം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ നഗരത്തിലെ ഇറച്ചി വിൽപന ശാലകളും ബിജെപി പ്രവർത്തകർ ലക്ഷ്യമിട്ടതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ബുൾഡോസർ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപിയുടെ വിജയത്തിന് പിന്നാലെ ബംഗാളിലും യോഗി ആദിത്യനാഥ് മോഡൽ ഭരണം വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിലെ ‘യോഗി’ ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ന്യൂ മാർക്കറ്റിലെ തൃണമൂൽ കോൺഗ്രസ് തൊഴിലാളി യൂണിയൻ ഓഫീസാണ് പ്രധാനമായും തകർക്കപ്പെട്ടത്. ഇത് അനധികൃത നിർമ്മാണമാണെന്നാണ് പ്രാദേശിക ബിജെപി പ്രവർത്തകരുടെ വാദം. ബിജെപി വിജയിച്ചതോടെ നഗരത്തിലെ മാംസ വിൽപന ശാലകൾ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്യാൻ നീക്കം നടന്നതായി ടിഎംസി ആരോപിച്ചു. ഇത് മനഃപൂർവ്വം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് അവർ കുറ്റപ്പെടുത്തി.