‘ലോക്സഭയിൽ കോൺഗ്രസിനൊപ്പം ഇരിക്കില്ല’; കടുത്ത നിലപാടുമായി ഡിഎംകെ, പ്രത്യേക ഇരിപ്പിടം തേടി സ്പീക്കർക്ക് കത്ത്
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ മാറ്റങ്ങൾ ദേശീയ തലത്തിൽ ‘ഇൻഡ്യ’ മുന്നണിയിലും വലിയ വിള്ളലിലേക്ക് നയിക്കുന്നു. കോൺഗ്രസ് തങ്ങളുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ ലോക്സഭയിൽ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രംഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾക്കിടയിൽ ഇനി ഇരിക്കാൻ താൽപര്യമില്ലെന്നും തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന ഡിഎംകെ നേതാവും പാർലമെന്റ് അംഗവുമായ കനിമൊഴി സ്പീക്കർക്ക് കത്തയച്ചു.
ഡിഎംകെ എംപിമാരെ ഇനി കോൺഗ്രസ് അംഗങ്ങൾക്കൊപ്പമോ ഇന്ത്യ മുന്നണിയുടെ ഭാഗമായോ കണക്കാക്കരുതെന്ന് കനിമൊഴി കത്തിൽ ആവശ്യപ്പെട്ടു. അവർക്ക് ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി സീറ്റുകൾ അനുവദിക്കണം. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസുമായി ചേർന്ന് ഇരിക്കാൻ താൽപര്യമില്ലെന്ന് കനിമൊഴി സ്പീക്കറെ അറിയിച്ചു. പാർലമെന്റിൽ ഇനി മുതൽ ഡിഎംകെ സ്വതന്ത്രമായ നിലപാടായിരിക്കും സ്വീകരിക്കുക എന്ന സൂചനയും അവർ നൽകുന്നുണ്ട്.
തമിഴ്നാട് ഭരണത്തിൽ പങ്കാളിത്തം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഡിഎംകെ വിട്ട് വിജയ്യുടെ പാളയത്തിലേക്ക് നീങ്ങിയതെന്നാണു നേതാക്കൾ നൽകുന്ന വിശദീകരണം. എന്നാൽ, തങ്ങളെ ഉപേക്ഷിച്ചവരോടൊപ്പം പാർലമെന്റിലും സഹകരിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് എം.കെ സ്റ്റാലിൻ. കനിമൊഴിയുടെ കത്ത് ലഭിച്ചതോടെ ലോക്സഭയിലെ പ്രതിപക്ഷ നിരയിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ചില കക്ഷികൾ ഇപ്പോഴും സ്റ്റാലിനൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിന്റെ പിന്മാറ്റം മുന്നണിയുടെ കരുത്ത് കുറച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെയുമായി സഹകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് ദശാബ്ദങ്ങൾ നീണ്ട ഡിഎംകെ-കോൺഗ്രസ് ബന്ധം തകർന്നത്. ഇതോടെ ‘ഇൻഡ്യ’ മുന്നണിയിലെ പ്രധാന സഖ്യകക്ഷികളായ ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധം പൂർണമായും തകർന്ന സ്ഥിതിയാണ്. ‘ഇൻഡ്യ’ മുന്നണിയിൽ തന്നെ വലിയ പൊട്ടിത്തെറിയിലേക്കായിരിക്കും പുതിയ രാഷ്ട്രീയ നീക്കങ്ങൾ നയിക്കുക.