11/05/2026
[fontresizer_tawhidurrahmandear_widget]

ദളപതിയെ കാണാൻ താനൂരിൽ നിന്ന് ചെന്നൈയിലേക്ക്; കാൽനട യാത്രയുമായി യുവ ദമ്പതികൾ

 ദളപതിയെ കാണാൻ താനൂരിൽ നിന്ന് ചെന്നൈയിലേക്ക്; കാൽനട യാത്രയുമായി യുവ ദമ്പതികൾ

പ്രിയതാരം വിജയിയെ നേരിൽ കാണണമെന്ന ഒരൊറ്റ ലക്ഷ്യവുമായി താനൂരിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയാത്ര തിരിച്ച് യുവദമ്പതികൾ. ഡ്രൈവറായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ ഷഹനമോളുമാണ് തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഈ കഠിനയാത്ര ആരംഭിച്ചിരിക്കുന്നത്. കടുത്ത വിജയ് ആരാധകരായ ഇരുവരും തമിഴ്‌നാട് രാഷ്ട്രീയത്തിലെ വിജയിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാൻ തീരുമാനിച്ചത്.

സിനിമകളിലൂടെ വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ് കാലക്രമേണ വലിയ ആരാധനയായി മാറിയത്. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയും ചെയ്തതോടെ ഈ യാത്രയ്ക്ക് ഇരുവരും ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. മേയ് 6-ന് ഉച്ചയ്ക്ക് ഷഹനയുടെ നാടായ താനൂരിൽ നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഇവർ പട്ടാമ്പിയിലെത്തി. ഉച്ചസമയത്തെ കഠിനമായ വെയിൽ ഒഴിവാക്കി വിശ്രമിച്ചും രാത്രികളിൽ എത്തുന്നയിടങ്ങളിൽ ടെന്റ് അടിച്ചു താമസിച്ചുമാണ് യാത്ര തുടരുന്നത്.

പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനാണ് ഇവരുടെ പദ്ധതി. ചെന്നൈയിൽ എത്തിയാൽ എങ്ങനെ മുഖ്യമന്ത്രിയെ കാണുമെന്ന കാര്യത്തിൽ ഇവർക്ക് വ്യക്തമായ പ്ലാനുകളൊന്നുമില്ല. എങ്കിലും ചെന്നൈയിലെത്തിയാൽ പ്രിയതാരത്തെ കാണാനുള്ള വഴി തെളിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ദമ്പതികൾ. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ സാക്ഷ്യം വഹിക്കണമെന്ന ആഗ്രഹവും ഇവർക്കുണ്ട്. കോട്ടയം സ്വദേശിയായ മുഹമ്മദ് റാഫി വിവാഹശേഷം ഷഹനമോളോടൊപ്പം താനൂരിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

Also read: