11/05/2026
[fontresizer_tawhidurrahmandear_widget]

ഹൈദരാബാദിലെ മോദിയുടെ റാലി വിജയിപ്പിക്കാൻ യു.പിയിൽനിന്ന് ബുർഖ ധരിച്ച സ്ത്രീകൾ; ഓരോരുത്തർക്കും 300 രൂപ വീതം

 ഹൈദരാബാദിലെ മോദിയുടെ റാലി വിജയിപ്പിക്കാൻ യു.പിയിൽനിന്ന് ബുർഖ ധരിച്ച സ്ത്രീകൾ; ഓരോരുത്തർക്കും 300 രൂപ വീതം

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ റാലിയിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം നൽകിയെന്ന ആരോപണം. ബുർഖ ധരിച്ചാണ് സ്ത്രീകളെ യു.പിയിൽനിന്ന് ഇറക്കിയിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘സിയാസത്ത് ഡെയ്‌ലി’ ആണു വാർത്ത പുറത്തുവിട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സെക്കന്ദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണു സംഭവം. ഹൈദരാബാദിലെ നാച്ചാരം മേഖലയിൽ താമസിക്കുന്ന ഉത്തർപ്രദേശിൽനിന്നുള്ള ഒരു സംഘത്തെയാണ് റാലിയിൽ പണം നൽകി എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക ചാനലായ ഷമ ന്യൂസ് പുറത്തുവിട്ട വീഡിയോയിലാണ് സ്ത്രീകളും ഒപ്പമുള്ളവരും പണം ലഭിച്ചതിനെ കുറിച്ചു വെളിപ്പെടുത്തിയത്.

റാലിയിൽ പങ്കെടുത്ത ബുർഖ ധരിച്ച സ്ത്രീകൾ ഉൾപ്പെടുന്ന 20 അംഗ സംഘത്തോട് സംസാരിക്കവെയാണ് പണം ലഭിച്ചെന്ന കാര്യം പുറത്തുവന്നത്. സംഘത്തലവനായ റോഷൻ ആണ് പണം ലഭിച്ച വിവരം റിപ്പോർട്ടറോട് വെളിപ്പെടുത്തിയത്. റാലിയിൽ പങ്കെടുക്കാൻ ഒരാൾക്ക് 300 രൂപ വീതമാണ് ലഭിച്ചതെന്ന് ഇയാൾ വെളിപ്പെടുത്തി. ലഭിച്ച തുക കുറവാണല്ലോ എന്ന ചോദ്യത്തിന്, ‘അവർ വരാൻ പറഞ്ഞു, ഞങ്ങൾ വന്നു. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബിജെപി പതാകകളും ഓറഞ്ച് ഷാളുകളും ധരിച്ചെത്തിയ ഇവർക്കിടയിൽ 300 രൂപ, 500 രൂപ എന്നിങ്ങനെ വ്യത്യസ്ത തുകകളെക്കുറിച്ച് സംസാരിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അതേസമയം, റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയുടെ വികസനത്തിന് കേന്ദ്രം വലിയ പ്രാധാന്യം നൽകുന്നതായി വ്യക്തമാക്കി. സംസ്ഥാനത്തെ ദരിദ്രരുടെയും കർഷകരുടെയും ക്ഷേമത്തിനായി കേന്ദ്രം കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കുമെന്നും, റെയിൽവേ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വൻതുക അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയുടെയും സ്റ്റാർട്ടപ്പ് ഇന്ത്യയുടെയും ഗുണഫലങ്ങൾ തെലങ്കാനയിലെ യുവാക്കളിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗാളിലെ ബിജെപിയുടെ വിജയവും പ്രസംഗത്തിൽ മോദി സൂചിപ്പിച്ചു. വൻ ഭൂരിപക്ഷത്തിനാണ് ബിജെപി ബംഗാളിൽ ഭരണത്തിലേറിയത്. സമാനമായ പിന്തുണ തെലങ്കാനയിൽനിന്നും ലഭിക്കുമെന്നാണു പ്രതീക്ഷ. കോൺഗ്രസ് കുടുംബാധിപത്യവും അഴിമതിയും നിറഞ്ഞ കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ദുർബലപ്പെടുത്തി. ഇതേ രീതിയിലാണ് തൃണമൂലും പ്രവർത്തിച്ചിരുന്നത്. ഇതോടൊപ്പം ബംഗാളിൽ ഏകാധിപത്യ ഭരണമായിരുന്നു തൃണമൂൽ നടത്തിയതെന്നും മോദി വിമർശിച്ചു.

Also read: