ബിജെപിയിലും തർക്കം രൂക്ഷം; പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിച്ച് രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും
വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിയുടെ പാർലമെൻ്ററി പാർട്ടി നേതാവാകാൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പദവിക്കായി ഇരുനേതാക്കളും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. പാർട്ടിക്കുള്ളിലെ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി നടപ്പിലാക്കണമെന്ന് വി. മുരളീധരൻ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനും തർക്കം പരിഹരിക്കുന്നതിനുമായി ബിജെപി കോർ കമ്മിറ്റി യോഗം ഈ വെള്ളിയാഴ്ച ചേരും. നിലവിൽ എം.ടി. രമേശ് വിഭാഗം രാജീവ് ചന്ദ്രശേഖറിനെ പിന്തുണയ്ക്കുമ്പോൾ, കെ. സുരേന്ദ്രൻ പക്ഷം വി. മുരളീധരനൊപ്പമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ, കഴക്കൂട്ടം, നേമം എന്നീ മൂന്ന് മണ്ഡലങ്ങളിൽ വിജയിക്കാൻ സാധിച്ചതോടെയാണ് നിയമസഭയിൽ ബിജെപിക്ക് പ്രാതിനിധ്യമുണ്ടായത്. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതത്തിൽ കാര്യമായ വർധനയുണ്ടായില്ല എന്നത് പാർട്ടിക്ക് ഉള്ളിൽ തന്നെ ചർച്ചകൾക്ക് വഴിമാറുന്നുണ്ട്. വോട്ട് വിഹിതത്തിലെ ഈ നിശ്ചലാവസ്ഥ നിലനിൽക്കെയാണ് നിയമസഭയിലെ നേതൃസ്ഥാനത്തിനായി മുതിർന്ന നേതാക്കൾക്കിടയിൽ വടംവലി ശക്തമായിരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന കോർ കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങൾ ബിജെപിയുടെ നിയമസഭയിലെ പ്രവർത്തനങ്ങളെ നിർണ്ണായകമായി സ്വാധീനിക്കും.