വിജയ് മുസ്ലിം ലീഗ് ആസ്ഥാനത്ത്; ഖാഇദേ മില്ലത്ത് മൻസിലിൽ വൻ വരവേൽപ്പ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുസ്ലിം ലീഗ് ആസ്ഥാനത്തെത്തി വിജയ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തമിഴ്നാട് ആസ്ഥാനമായ ചെന്നൈയിലെ ഖാഇദെ മില്ലത്ത് മൻസിലാണ് അദ്ദേഹം ഇന്ന സന്ദർശിച്ചത്. ദേശീയ അധ്യക്ഷൻ പ്രൊഫസർ കെ.എം ഖാദർ മൊയ്തീൻ, നവാസ് കനി എം.പി, കെ.എ.എം മുഹമ്മദ് അബൂബക്കർ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുണ്ടായിരുന്നു. കൂടാതെ, വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്ന് വിജയ് രാജിവെച്ചതോടെ അംഗബലം 107 ആയി കുറഞ്ഞു. സംസ്ഥാനം ഗവർണർ ഭരണത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ഇടപെടുകയായിരുന്നുവെന്നാണു വിവരം. കോൺഗ്രസ് മുന്നണി വിട്ട് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടും സർക്കാർ രൂപീകരിക്കാനുള്ള മാന്ത്രിക സംഖ്യ കടമ്പയായി തന്നെ തുടർന്നു. ഒടുവിൽ സ്റ്റാലിന്റെ നിർദേശപ്രകാരം മുസ്ലിം ലീഗ്, വി.സി.കെ ഉൾപ്പെടെയുള്ള പാർട്ടികൾ ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണു ഭരണപ്രതിസന്ധി ഒഴിവായത്. പിന്നാലെ വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.
പിന്തുണ പ്രഖ്യാപിച്ച കക്ഷികളോടുള്ള നന്ദി സൂചകമായാണ് മുഖ്യമന്ത്രി വിജയ് ചെന്നൈയിലെ ഐ.യു.എം.എൽ ആസ്ഥാനത്തെത്തിയത്. വിജയ്യുടെ വരവറിഞ്ഞ് നൂറുകണക്കിനു പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. വലിയ ആരവങ്ങളോടെയാണ് ഇവർ തമിഴ്നാട് മുഖ്യമന്ത്രിയെ വരവേറ്റത്. ഖാദർ മൊയ്തീൻ വിജയിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. അൽപനേരം ഓഫീസിൽ ചെലവഴിച്ച അദ്ദേഹം നേതാക്കന്മാരെ അഭിസംബോധന ചെയ്ത ശേഷമാണു മടങ്ങിയത്.
മതേതര സാമൂഹ്യനീതി നടപ്പാക്കാനുള്ള വിജയിയുടെ യാത്രയ്ക്ക് മുസ്ലിം ലീഗ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തു. എല്ലാ ജീവനുകളും ജനനത്താൽ തുല്യരാണെന്ന വിജയിയുടെ നയത്തോട് ചേർന്നുനിൽക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. തമിഴ്നാട്ടിൽ ഒരു ജനാധിപത്യ സർക്കാർ നിലവിൽ വരണമെന്ന ജനങ്ങളുടെ താൽപര്യം മുൻനിർത്തിയാണ് ടിവികെയ്ക്ക് പിന്തുണ നൽകിയതെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു. പിന്തുണയ്ക്ക് വിജയ് നന്ദി പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ, വൈക്കോ, സീമൻ, അൻപുമണി രാംദോസ് തുടങ്ങിയ പ്രമുഖ നേതാക്കളെയും വിജയ് അവരുടെ വസതികളിൽ നേരിട്ടെത്തി സന്ദർശിച്ചിരുന്നു.