‘വിജയ് പട്ടിണിയിലാണ് വളർന്നതെന്ന വാദം പച്ചക്കള്ളം; ലൊയോള സ്‌കൂളിലെ എന്റെ സഹപാഠിയാണ്’-വിമർശനവുമായി എഴുത്തുകാരൻ മനു ജോസഫ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തിൽ വിജയ് നടത്തിയ പരാമർശങ്ങളെച്ചൊല്ലി വിവാദം. താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും പട്ടിണി എന്താണെന്ന് തനിക്കറിയാമെന്നുമുള്ള വിജയിയുടെ അവകാശവാദത്തെ ചോദ്യംചെയ്ത് മുൻ സഹപാഠിയും പ്രശസ്ത എഴുത്തുകാരനുമായ മനു ജോസഫ് പരസ്യമായി രംഗത്തെത്തി. ലൊയോള സ്‌കൂളിൽ തന്റെ സഹപാഠിയായിരുന്ന വിജയ് അന്ന് ദാരിദ്ര്യത്തിലായിരുന്നില്ലെന്ന് മനു വ്യക്തമാക്കി.
”തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ താൻ ദാരിദ്ര്യത്തിൽ വളർന്നയാളാണെന്നും പട്ടിണി എന്താണെന്നു തനിക്ക് അറിയാമെന്നും വിജയ് പറയുന്നുണ്ട്. പച്ചക്കള്ളമാണ് അദ്ദേഹം പറഞ്ഞത്. ലോയോള സ്‌കൂളിൽ മൂന്നാം ക്ലാസിൽ എന്റെ സഹപാഠിയായിരുന്നു അദ്ദേഹം. വിജയിയുടെ പിതാവ് ഒരു സിനിമാ നിർമാതാവായിരുന്നു. മകന് സിനിമയിൽ കരിയർ ഉണ്ടാക്കിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സിനിമാ ലോകത്തുള്ളവർ നേരടാറുള്ള സാമ്പത്തികമായ പ്രതിസന്ധിയിലൂടെ അദ്ദേഹത്തിന്റെ പിതാവും കടന്നുപോയിട്ടുണ്ടാകാം. എന്നാൽ, അത് തമിഴ്നാട്ടിലെ യഥാർത്ഥ ദാരിദ്ര്യമല്ല. സമ്പന്ന കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്. രണ്ടും വളരെ വ്യത്യസ്തമായ കാര്യങ്ങളാണ്”- മനു ജോസഫ് എക്‌സിൽ കുറിച്ചു.
വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖർ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എഴുപതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്തനായ വ്യക്തിയാണെന്ന് ചർച്ചകളിൽ പലരും ചൂണ്ടിക്കാട്ടുന്നു. ചിരഞ്ജീവി, ഋഷി കപൂർ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിൽ ടാറ്റ സഫാരി പോലുള്ള വാഹനങ്ങളിലായിരുന്നു വിജയ് എത്തിയിരുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിജയിയുടെ ഈ ‘ദാരിദ്ര്യ കഥ’ രാഷ്ട്രീയ നാടകമാണെന്നും വോട്ടർമാരെ സ്വാധീനിക്കാനുള്ള വെറും ‘മെത്തേഡ് ആക്ടിങ്’ ആണെന്നും വിമർശകർ പരിഹസിക്കുന്നു. എന്നാൽ, കുടുംബത്തിന്റെ സാമ്പത്തിക നിലയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടാകാമെന്നും പട്ടിണി എന്നത് അദ്ദേഹം ഒരു രൂപകമായി പറഞ്ഞതാകാമെന്നും ആരാധകർ വാദിക്കുന്നുണ്ട്.