‘പുതിയ കാർ വാങ്ങില്ല, അൽപന് ഐശ്വര്യം വന്നപ്പോൾ അർദ്ധരാത്രയിലും കുട പിടിക്കുന്നവനാണെന്ന് ആളുകൾക്ക് തോന്നും’; വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തനിക്ക് പുതിയ ഔദ്യോഗിക വാഹനം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. പുതിയ കാർ വാങ്ങാൻ തീരുമാനിക്കുന്നത് ഭരണസംവിധാനത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ആർഭാടങ്ങൾ പരമാവധി കുറച്ച് നമ്മൾ ചില മാതൃകകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള കാർ തന്നെ ഉപയോഗിക്കുമെന്നും അതിന്റെ നിറമോ പത്രാസോ തനിക്ക് വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ആർഭാടത്തോടെയും പത്രാസോടെയും റോഡിലൂടെ പോയാൽ ആളുകൾ തന്നെ ഉള്ളിൽ കളിയാക്കി ചിരിക്കുമെന്നും താൻ അത്രയ്ക്കൊന്നും ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ അത്ര വലിയ ആർഭാടത്തിൽ പോകുന്ന ആളല്ലെന്നും 30-ഉം 40-ഉം വണ്ടികളുമായി പത്രാസോടെ റോഡിലൂടെ പോയാൽ വഴിയിൽ നിൽക്കുന്ന ആളുകൾ തന്നെ നോക്കി പരിഹസിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. “അൽപന് ഐശ്വര്യം വന്നപ്പോൾ അർദ്ധരാത്രയിലും കുട പിടിക്കുന്നവനാണെന്ന് ആളുകൾക്ക് തോന്നും. നമ്മൾ എത്രത്തോളം പത്രാസും അഹംഭാവവും കാണിക്കുന്നുവോ അത്രയും നമ്മൾ ജനങ്ങളിൽ നിന്ന് അകന്നുപോകും. പത്രാസ് കുറയ്ക്കുന്തോറും ജനങ്ങളുമായി കൂടുതൽ അടുക്കാൻ നമുക്ക് സാധിക്കും. അധികാരത്തിന്റെ പത്രാസിൽ ഞാൻ മയങ്ങിപ്പോകില്ല എന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. അതുകൊണ്ട് അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കാൻ ഞാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി എന്ന നിലയിൽ താൻ സെഡ് പ്ലസ് കാറ്റഗറിയിലാണെന്നും വലിയ സുരക്ഷാ സംവിധാനം ആവശ്യമാണെന്നും അറിയാമെന്നും എന്നാൽ അമിതമായ ആഡംബരങ്ങൾക്കും അകമ്പടികൾക്കും താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പോകുന്ന വഴിയിൽ ആളുകളെ പരമാവധി ബുദ്ധിമുട്ടിക്കരുതെന്ന് പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. അകമ്പടി വാഹനങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നവയാക്കി കുറയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. മുൻപ് പോയവരെയൊന്നും പരിഹസിക്കുകയല്ല തന്റെ ലക്ഷ്യമെന്നും എന്നാൽ മുകളിൽ ഇരിക്കുന്നവർ നൽകേണ്ട ചില സന്ദേശങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മൾ പത്രാസും ആർഭാടവും കാണിച്ചാൽ താഴെയുള്ളവരും അത് ചെയ്യുമെന്നും നിലവിൽ അതിനുള്ള ശേഷി കേരളത്തിന്റെ ഖജനാവിനില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.