‘രാഗ റെയിൽ എന്ന് പേരിട്ടാലും കുഴപ്പമില്ല, കെ-റെയിലിന് ബദൽ വേണം’: തോമസ് ഐസക്
‘രാഗ റെയിൽ എന്ന് പേരിട്ടാലും കുഴപ്പമില്ല, കെ-റെയിലിന് ബദൽ വേണം’: തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയിൽപ്പാത അനിവാര്യമാണെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. യുഡിഎഫ് സർക്കാർ കെ-റെയിൽ പദ്ധതി റദാക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് തുടക്കം മുതൽ പദ്ധതിയെ എതിർത്തതിനാൽ ഈ തീരുമാനത്തിൽ അത്ഭുതമില്ലെന്നും, വേണമെങ്കിൽ പദ്ധതിയുടെ പേര് മാറ്റി ‘രാഗാ റെയിൽ’ എന്ന് വിളിച്ചോളൂ എന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് അതിവേഗ പാത വേണോ എന്ന കാര്യത്തിൽ യുഡിഎഫ് വ്യക്തത വരുത്തണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. റോഡ് മുഖേന ദീർഘദൂര യാത്ര ചെയ്യുന്നവരെ ട്രെയിനിലേക്ക് മാറ്റാൻ അതിവേഗ പാത അത്യാവശ്യമാണ്. ഇതില്ലെങ്കിൽ കേരളത്തിലുള്ളവരെല്ലാം കാറെടുത്ത് തെക്ക് വടക്ക് ഓടണമെന്നാണോ പറയുന്നതെന്നും, പദ്ധതി വേണ്ടെങ്കിൽ ബദൽ എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ 25 വർഷത്തെ വളർച്ച മുൻകൂട്ടി കണ്ട് വിഭാവനം ചെയ്ത പദ്ധതിയായിരുന്നു കെ-റെയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കെ-റെയിൽ മുൻപ് തന്നെ വഴിക്ക് വെച്ച് നിർത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.