02/06/2026
[fontresizer_tawhidurrahmandear_widget]

‘രക്തത്തിൽ മുക്കി, മൃഗങ്ങളുടെ മാംസം എറിഞ്ഞ് പേടിപ്പിച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് യുവതി

 ‘രക്തത്തിൽ മുക്കി, മൃഗങ്ങളുടെ മാംസം എറിഞ്ഞ് പേടിപ്പിച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് യുവതി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ബട്‌ല ഹൗസ് പ്രദേശത്ത് ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായും മതംമാറ്റാൻ ശ്രമിച്ചതായും പരാതി. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മറ്റ് ക്രൂരതകൾക്ക് ഇരയാക്കുകയുമായിരുന്നെന്ന് 23-കാരിയായ യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരാതി പ്രകാരം, 2021-ലാണ് സോഷ്യൽ മീഡിയ വഴി സാഹിൽ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയുമായി യുവതി സൗഹൃദത്തിലാകുന്നത്. എന്നാൽ അയാളുടെ യഥാർത്ഥ പേര് ഫഹീം എന്നാണെന്ന് പിന്നീട് യുവതി തിരിച്ചറിഞ്ഞു. താൻ സാമ്പത്തികമായി മികച്ച നിലയിലുള്ള ഒരു ഹിന്ദു കുടുംബത്തിൽപ്പെട്ട ആളാണെന്നും യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് പ്രതി വിശ്വസിപ്പിച്ചിരുന്നത്.

തുടർന്ന് 2022-ൽ ഫഹീം യുവതിയെ ബട്‌ല ഹൗസിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയും സുഹൃത്തും ചേർന്ന് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം മീററ്റിലേക്ക് കൊണ്ടുപോയും പ്രതികൾ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഫഹീമും ബന്ധുക്കളും അനധികൃത ആയുധക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി പിന്നീട് മനസ്സിലാക്കിയെന്ന് യുവതി പോലീസിന് മൊഴി നൽകി. തന്നെ ഭയപ്പെടുത്താനായി പ്രതി രക്തത്തിൽ മുക്കുമായിരുന്നെന്നും മൃഗങ്ങളുടെ മാംസം എറിഞ്ഞ് പേടിപ്പിച്ചിരുന്നെന്നും യുവതി വെളിപ്പെടുത്തി. തസ്ലീം മൗലവി എന്ന് പറയുന്ന ഒരാളും തന്നെ പീഡിപ്പിച്ചതായും മതംമാറ്റാൻ ശ്രമിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.

സംഭവത്തിൽ സൗത്ത് ഈസ്റ്റ് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു‌. ആദ്യം കൂട്ടബലാത്സംഗം നടന്നത് ബട്‌ല ഹൗസിലായതിനാൽ ജാമിയ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ, 2025-ൽ ഗുരുഗ്രാം പോലീസ് ഫഹീമിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുകയും യുവതിയുടെ ചിത്രങ്ങളടങ്ങിയ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ മാണ്ടോലി ജയിലിനുള്ളിൽ കിടന്നുകൊണ്ട് ഫഹീം തന്നെ ബന്ധപ്പെട്ടതായും ദുബായ് നമ്പറിൽനിന്ന് ഭീഷണി കോളുകൾ വന്നതായും യുവതി ആരോപിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Also read: