‘ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നില്ല ഉപരോധങ്ങൾ; ട്രംപും മോദിയും ദീർഘകാലത്തേക്കുള്ള നേതാക്കൾ’ – റൂബിയോ
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിലല്ല, മറിച്ച് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സാമ്പത്തിക സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഈ ഉപരോധങ്ങൾ ഒരിക്കലും ഇന്ത്യയെ പ്രത്യേകം ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സിഎൻഎൻ-ന്യൂസ്18-ന് നൽകിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യൻ ക്രൂഡോയിലിന്റെ പ്രധാന ഉപഭോക്താവ് ഇന്ത്യയായതിനാലാണ് നടപടിയുണ്ടായത്. എന്നാൽ, അമേരിക്കയും വെനസ്വേലയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യയുടെ ഊർജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള അവസരമായാണ് യുഎസ് ഇതിനെ കാണുന്നത്. ഇന്ത്യ ഇതിനകം തന്നെ ഈ വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങുകയാണെന്നും ഈ വിഷയത്തിൽ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം പുലർത്താനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണ ഇറക്കുമതിയെത്തുടർന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത് ഇരുരാജ്യങ്ങളും തമ്മിൽ ചെറിയ തോതിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, ഇന്ത്യയും യുഎസും തമ്മിൽ ഒപ്പുവെച്ച ഇടക്കാല വ്യാപാര കരാറോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി. കരാറിന് പിന്നാലെ തീരുവ 18 ശതമാനമായി കുറച്ചു. പിന്നീട് പരസ്പര തീരുവകൾ അസാധുവാക്കിക്കൊണ്ടുള്ള യുഎസ് സുപ്രീം കോടതി വിധിയെത്തുടർന്ന് ഇത് വീണ്ടും 10 ശതമാനമായി കുറയ്ക്കുകയുണ്ടായി. നിലവിൽ പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് യുഎസ് ഇളവ് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ ഊഷ്‌മളമായ വ്യക്തിബന്ധമാണുള്ളതെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ട്രംപ് പ്രസിഡന്റായ കാലം മുതൽക്കേയുള്ള ഈ ബന്ധം പരമപ്രധാനമാണ്. ഇരുവരും ഹ്രസ്വകാലത്തേക്കുള്ള നേതാക്കളല്ല, മറിച്ച് ദീർഘകാലത്തേക്കുള്ള നേതാക്കളാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചു.