ഗസ്സ വംശഹത്യ: ഇസ്രയേലിന് ആയുധമെത്തിച്ച രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ
തെൽഅവീവ്: ഗസ്സയിലെ വംശഹത്യയിൽ ഇസ്രയേലിന് ആയുധമെത്തിക്കുന്നതിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും. ഒന്നാം സ്ഥാനത്ത് അമേരിക്ക, രണ്ടാം സ്ഥാനത്ത് ഇന്ത്യ, റൊമാനിയ, തായ്‌വാൻ, ചെക്ക് റിപ്പബ്ലിക് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ഇസ്രയേൽ കസ്റ്റംസ് ഡാറ്റയും കപ്പൽ ഗതാഗത വിവരങ്ങളും വിശകലനം ചെയ്ത് അൽജസീറ പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇസ്രയേലിലേക്ക് ആയുധങ്ങൾ എത്തിക്കുന്നത് അമേരിക്ക മാത്രമാണെന്ന ധാരണ തിരുത്തിക്കൊണ്ട്, ഇന്ത്യയും ബ്രസീലും ഉൾപ്പെടെ 51 രാജ്യങ്ങൾ ഈ യുദ്ധകാലത്ത് ഇസ്രയേലിന് സൈനിക സഹായങ്ങൾ നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഗസ്സയിൽ അന്താരാഷ്ട്ര കോടതികളുടെ വിലക്കുകളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആഗോള പ്രതിഷേധങ്ങളും നിലനിൽക്കുമ്പോഴും, ഇസ്രയേലിന്റെ ആയുധ വിതരണ ശൃംഖല കൂടുതൽ ശക്തമായി മുന്നോട്ടുപോയിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആഗോള പ്രതിരോധ വിപണിയിൽ ഇസ്രയേലിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിൽ അമേരിക്ക കഴിഞ്ഞാൽ ഏറ്റവും നിർണായക പങ്ക് വഹിക്കുന്നത് ഇന്ത്യയാണ്. യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള സ്‌ഫോടകവസ്തുക്കൾ, ഡ്രോണുകൾ, മറ്റ് സൈനിക ഘടകങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വൻ വർദ്ധനവാണുണ്ടായത്. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫൻസ് ഇസ്രയേലിന്റെ എൽബിറ്റ് സിസ്റ്റംസുമായി ചേർന്ന് ഹൈദരാബാദിൽ നിർമ്മിച്ച ‘ഹെർമിസ് 900’ അത്യാധുനിക ഡ്രോണുകൾ ഇസ്രയേൽ സൈന്യത്തിന് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ തമിഴ്‌നാട്ടിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പൊതുമേഖലാസ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വെടിക്കോപ്പുകളും റോക്കറ്റ് ഭാഗങ്ങളും ഇസ്രയേലിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളായ റൊമാനിയയും ചെക്ക് റിപ്പബ്ലിക്കും യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും സ്‌പെയർ പാർട്‌സുകളും അത്യാധുനിക സാങ്കേതിക വിദ്യകളും ഇസ്രയേലിന് നൽകി തങ്ങളുടെ കയറ്റുമതി നിരക്ക് ഉയർത്തി. ഏഷ്യൻ സാങ്കേതിക ശക്തിയായ തായ്‌വാൻ, സൈനിക ആവശ്യങ്ങൾക്കുള്ള നിർണായക ഇലക്ട്രോണിക് ചിപ്പുകളും കമ്പ്യൂട്ടർ ഘടകങ്ങളുമാണ് ഇസ്രയേലി പ്രതിരോധ സംവിധാനങ്ങൾക്ക് നൽകിയത്.
ബ്രസീൽ നേരിട്ട് മാരകായുധങ്ങൾ നൽകിയില്ലെങ്കിലും, ഇസ്രയേലിന്റെ സൈനിക വാഹനങ്ങൾക്കും യുദ്ധവിമാനങ്ങൾക്കും ആവശ്യമായ ഇന്ധനവും മറ്റ് അസംസ്‌കൃത വസ്തുക്കളും നൽകി വലിയ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇത്തരത്തിൽ ആയുധങ്ങൾ നേരിട്ട് നൽകുന്ന രാജ്യങ്ങൾ ഒരു വശത്തും, ആയുധ നിർമ്മാണത്തിന് ആവശ്യമായ സ്‌പെയർ പാർട്‌സുകൾ, വെടിമരുന്ന്, റഡാർ സംവിധാനങ്ങൾ എന്നിവ നൽകുന്ന രാജ്യങ്ങൾ മറുവശത്തുമായി ഇസ്രയേലിനെ സഹായിക്കുന്നു.
ജർമ്മനിയും ഇറ്റലിയും വലിയ തോതിൽ ആയുധങ്ങൾ നേരിട്ട് നൽകുന്നത് തുടരുമ്പോൾ, മറ്റ് 40ലധികം രാജ്യങ്ങൾ പരോക്ഷമായ പങ്കാളിത്തമാണ് വഹിക്കുന്നത്. ഗസ്സയിലെ സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ ഇസ്രായേലിന് മേൽ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഈ 51 രാജ്യങ്ങളും തങ്ങളുടെ നയതന്ത്രസാമ്പത്തിക താല്പര്യങ്ങൾ മുൻനിർത്തി പ്രതിരോധ കരാറുകളുമായി മുന്നോട്ട് പോവുകയാണെന്ന് അൽ ജസീറയുടെ അന്വേഷണം വ്യക്തമാക്കുന്നു.