02/08/2026
[fontresizer_tawhidurrahmandear_widget]

‘പിണറായി വിജയനെയോ സിപിഐഎമ്മിനെയോ തളർത്താം എന്ന് കരുതിയെങ്കിൽ അത് വ്യാമോഹം’; എം.എ ബേബി

 ‘പിണറായി വിജയനെയോ സിപിഐഎമ്മിനെയോ തളർത്താം എന്ന് കരുതിയെങ്കിൽ അത് വ്യാമോഹം’; എം.എ ബേബി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം കേന്ദ്രനേതൃത്വം. റെയ്ഡിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാവ് എം.എ ബേബി വ്യക്തമാക്കി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ഹീനമായ രാഷ്ട്രീയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മകൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം എന്നാണ് പറയപ്പെടുന്നത്. വീണ വിജയന്റെ സോഫ്റ്റ്‌വെയർ കമ്പനി സിഎംആർഎല്ലിന് നൽകിയ സേവനത്തിനുള്ള പ്രതിമാസ വേതനം അഴിമതിയാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം. ഇതുവരെ അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടും, അത് തള്ളിക്കളഞ്ഞ് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് ഇഡി റെയ്ഡ് നടത്തുന്നത്. ഇത്തരമൊരു നീക്കത്തിലൂടെ സിപിഐഎമ്മിനെയോ പിണറായി വിജയനെയോ ഭയപ്പെടുത്താമെന്ന് കരുതുന്നുണ്ടെങ്കിൽ അവർക്ക് പാർട്ടിയെക്കുറിച്ച് അറിയില്ലെന്നും എം.എ ബേബി ഓർമ്മിപ്പിച്ചു.

വീണ വിജയൻ നൽകിയതുപോലെ യാതൊരു സേവനവും നൽകാതെ ചില പ്രമുഖർ വൻതുകകൾ കൈപ്പറ്റിയിട്ടുണ്ടെന്നും, അതിൽ രണ്ടുപേർ നിലവിലെ കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. ‘പിണറായിയെ എന്തുകൊണ്ട് തൊടുന്നില്ല’ എന്ന് മുൻപ് ചോദിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ല. ബിജെപി സർക്കാർ നടത്തുന്ന ഈ ആസൂത്രിത ആക്രമണത്തിൽ യുഡിഎഫിന് സന്തോഷമുണ്ടോ എന്നും എം.എ ബേബി ചോദിച്ചു. റെയ്ഡിനെ സിപിഐഎം കേന്ദ്രനേതൃത്വം അപലപിച്ചതായും വിഷയത്തിൽ പിണറായി വിജയൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: