02/06/2026
[fontresizer_tawhidurrahmandear_widget]

സമാധാന ചര്‍ച്ചകൾക്ക് പുല്ലുവില; ലെബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട പിടിച്ചെടുത്ത് ഇസ്രയേൽ

 സമാധാന ചര്‍ച്ചകൾക്ക് പുല്ലുവില; ലെബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട പിടിച്ചെടുത്ത് ഇസ്രയേൽ

ബെയ്റൂട്ട്: ലെബനനിൽ അധിനിവേശം ശക്തമാക്കി ഇസ്രായേൽ സൈന്യം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൈനിക നീക്കത്തിലൂടെ തെക്കൻ ലെബനനിലെ അതീവ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രായേൽ പിടിച്ചെടുത്തു. ലിതാനി നദി കടന്ന് ലെബനൻ ഭൂപ്രദേശത്തിന്റെ ഉള്ളിലേക്ക് ഇസ്രായേൽ സൈന്യം സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്. മേഖലയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ശക്തമായ പോരാട്ടവും വ്യോമാക്രമണങ്ങളും തുടരുന്നതിനിടയിലാണ് ഞായറാഴ്ച ഇസ്രായേൽ സൈന്യം കോട്ട പിടിച്ചെടുത്ത വിവരം ഔദ്യോഗികമായി അവകാശപ്പെട്ടത്.

നബാത്തിയ നഗരത്തിന് സമീപം കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഒമ്പതുനൂറ്റാണ്ട് പഴക്കമുള്ള ഈ ക്രൂസേഡർ കോട്ട സൈനികപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഉയർന്ന ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ നിയന്ത്രണം കൈക്കലാക്കിയതോടെ, ചുറ്റുമുള്ള പ്രദേശങ്ങളിൽ കൃത്യമായ നിരീക്ഷണം നടത്താനും സൈനിക മേധാവിത്വം സ്ഥാപിക്കാനും ഇസ്രായേലിന് സാധിക്കും. ബോഫോർട്ട് കോട്ടയ്ക്ക് മുകളിൽ ഇസ്രായേൽ പതാക ഉയർത്തിയതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂൺ 2, 3 തീയതികളിൽ വാഷിംഗ്‌ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത വട്ട സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ഈ അപ്രതീക്ഷിത കടന്നുകയറ്റം. ഏപ്രിൽ 17 മുതൽ മേഖലയിൽ താല്ക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, അത് പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഇപ്പോൾ ഈ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സമാധാന ചർച്ചകളിൽ രാഷ്ട്രീയവും സൈനികവുമായ മുൻതൂക്കം നേടാനുള്ള ഇസ്രായേലിന്റെ തന്ത്രപരമായ നീക്കമാണിതെന്നാണ് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നത്.

Also read: