‘സീനിയർ വെള്ളാപ്പള്ളി ആയാലും, ജൂനിയർ വെള്ളാപ്പള്ളി ആയാലും ചർച്ചയ്ക്ക് ഇരുത്തി ‘ലെജിറ്റിമസി’ ഉണ്ടാക്കിക്കൊടുക്കരുത്’: വി. ആർ. അനൂപ്
ആലപ്പുഴ: മുഖ്യമന്ത്രി വി ഡി സതീശന്‍-തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ചയില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് രംഗത്ത്. സീനിയര്‍ വെള്ളാപ്പള്ളി ആയാലും ജൂനിയര്‍ വെള്ളാപ്പള്ളി ആയാലും ചര്‍ച്ചയ്ക്ക് ഇരുത്തി ‘ലെജിറ്റിമസി’ ഉണ്ടാക്കിക്കൊടുക്കുന്നത് അധികാരത്തില്‍ ഇരിക്കുന്ന ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അനൂപ് വ്യക്തമാക്കി.
തുഷാര്‍ വെള്ളാപ്പള്ളിയെ സമുദായിക നേതാവായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം ഒരു സാമ്പത്തിക കുറ്റവാളിയാണെന്നും അനൂപ് കുറ്റപ്പെടുത്തി. അത്തരം ആളുകളെ ചേര്‍ത്തുനിര്‍ത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. എന്‍ഡിഎയുടെ ഘടകകക്ഷി നേതാവ് കൂടിയാണ് തുഷാര്‍. കഴിഞ്ഞ പത്ത് വര്‍ഷം സ്വീകരിച്ച സമീപനം ഭരണം കിട്ടുമ്പോള്‍ പെട്ടെന്ന് മാറുന്നത് ശരിയല്ല. തങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിമാരുടെ വിദ്വേഷ പ്രസ്താവനകള്‍ക്ക് എതിരെ നടത്തിയ കടുത്ത പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഓര്‍മിക്കുന്നുവെന്നും അനൂപ് തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനൂപിന്റെ ഈ കടുത്ത പ്രതികരണം.
മുഖ്യമന്ത്രി വി ഡി സതീശന്റെ ജന്മദിനമായ ഞായറാഴ്ചയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിക്കാന്‍ എത്തിയത്. കേവലം സൗഹൃദത്തിന്റെ ഭാഗമായാണ് സതീശനെ കണ്ടതെന്നും തികച്ചും വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു ഇതെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
വി ആര്‍ അനുപിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തുഷാര്‍ വെള്ളാപ്പള്ളിയെ SNDP യോഗത്തിന്റെ പ്രതിനിധിയായി ചര്‍ച്ചയ്ക്ക് നിയോഗിച്ചപ്പോള്‍, NSS നേതൃത്വം , NDA ഘടകകക്ഷി നേതാവുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ അല്ല എന്ന് പറഞ്ഞ് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സീനിയര്‍ വെള്ളാപ്പള്ളി ആയാലും, ജൂനിയര്‍ വെള്ളാപ്പള്ളിയെ ആയാലും , ചര്‍ച്ചക്ക് ഇരുത്തി ‘ലെജിറ്റിമിസി ‘ ഉണ്ടാക്കികൊടുക്കുന്നത് , അധികാരത്തില്‍ ഇരിക്കുന്ന ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാന്‍ കഴിയില്ലാ.ഞങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിമാരുടെ വിദ്വേഷപ്രസ്താവനകള്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് , ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഒരിയ്ക്കല്‍കൂടി ഓര്‍മിപ്പിക്കുന്നു.