മകനെ നഷ്ടപ്പെട്ട പിതാവിന്റെ സങ്കടം; ആർ.ടി.ഒ ഓഫീസിലെ ദുരനുഭവം പറഞ്ഞ് ഫേസ്ബുക്കിൽ കമന്റ്; അതിവേഗ നടപടിയുമായി എം.എൽ.എ അഷ്റഫലി
മലപ്പുറം: ഫേസ്ബുക്ക് കമന്റ് ബോക്സിലെ പരാതിക്ക് മണിക്കൂറുകൾക്കകം പരിഹാരം കണ്ട് കൊണ്ടോട്ടി എം.എൽ.എ ടി.പി അഷ്റഫലിയുടെ മാതൃകാപരമായ ഇടപെടൽ. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥ ക്ഷാമവും ജനങ്ങളുടെ ദുരിതവും ചൂണ്ടിക്കാട്ടി എം.എൽ.എ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു പിതാവിന്റെ സങ്കടത്തിനാണ് ഉടനടി പരിഹാരമുണ്ടായത്.
കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് സന്ദർശിച്ച വിവരവും അവിടുത്തെ മോശം അവസ്ഥയും വിവരിച്ച് ടി.പി അഷ്റഫലി എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് താഴെയാണ് Abid Pkd എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽനിന്ന് ഹാബിദ് എന്ന വ്യക്തി തന്റെ സങ്കടക്കടൽ കമന്റായി കുറിച്ചത്.
തന്റെ മകൻ ഹാദി സിനാൻ മരണപ്പെട്ടതിനെ തുടർന്ന്, മകന്റെ പേരിലുള്ള ഇരുചക്ര വാഹനം സ്വന്തം പേരിലേക്ക് മാറ്റാൻ ആവശ്യമായ എല്ലാ രേഖകളും നൽകി ഒരു വർഷമായി കാത്തിരിക്കുകയാണെന്ന് ഹാബിദ് കമന്റിൽ ചൂണ്ടിക്കാട്ടി. കൊണ്ടോട്ടി ആർ.ടി.ഒ ഓഫീസിൽനിന്ന് അത്രത്തോളം മോശം സേവനമാണ് ലഭിക്കുന്നതെന്നും എം.എൽ.എ ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ‘നിങ്ങളുടെ ഫോൺ നമ്പർ തരൂ, നമുക്ക് ഇടപെടാം’ എന്ന് എം.എൽ.എ മറുപടി നൽകി. തുടർന്ന് വിഷയം ജോയിന്റ് ആർ.ടി ഓഫീസിൽ അറിയിക്കുകയും അവിടെനിന്ന് ഉദ്യോഗസ്ഥർ ഹാബിദിനെ നേരിട്ട് വിളിച്ച് ഒരു രേഖയുടെ കുറവ് സൂചിപ്പിക്കുകയും ചെയ്തു. ആ കുറവ് പരിഹരിച്ച് ബാക്കി നടപടികൾ പൂർത്തിയാക്കിയതോടെ ഒരു വർഷമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ഫയലിന് മിനിറ്റുകൾക്കുള്ളിൽ തീർപ്പായി. പ്രശ്നം പരിഹരിച്ച വിവരം ഓഫീസ് സൂപ്രണ്ട് തന്നെ വിളിച്ച് അറിയിച്ചതായി എം.എൽ.എ പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വാഹനം രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തതുമായി ബന്ധപ്പെട്ട രേഖകളും കമന്റിൽ മറുപടിയായി നൽകിയിട്ടുണ്ട്.
കേരളത്തിൽ തന്നെ ഏറ്റവും വലിയ ഏരിയയുള്ളതും, കൂടുതൽ വാഹന രജിസ്ട്രേഷനും ലൈസൻസ് അപേക്ഷകരുമുള്ള ഓഫീസുകളിലൊന്നാണ് കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസ്. എന്നാൽ, വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. നീണ്ട കാലതാമസം കാരണം ജനങ്ങൾ മറ്റ് ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടി വരുന്നത് വലിയ റവന്യൂ നഷ്ടത്തിന് കാരണമാകുന്നുണ്ടെന്നും, പുതിയ യു.ഡി.എഫ് സർക്കാർ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും എം.എൽ.എ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ പരാതിയിലും അദ്ദേഹം അതിവേഗ ഇടപെടൽ നടത്തിയത്. ജനപ്രതിനിധിയുടെ മാതൃകാപരമായ ഇടപെടലിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.