ചന്തുവിനെയും ആരോമലിനെയും ചേർത്തുപിടിച്ച് വി.ഡി. സതീശൻ; സുഹൃത്തിനെ അവസാനമായി കാണാനെത്തി
കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂർ ടൗൺഹാളിൽ ക്രമീകരിച്ചിരുന്ന പൊതുദർശന വേദിയിലാണ് മുഖ്യമന്ത്രിയെത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മുഖ്യമന്ത്രി, അദ്ദേഹവുമായി തനിക്കുണ്ടായിരുന്ന ആഴത്തിലുള്ള വ്യക്തിബന്ധവും പങ്കുവെച്ചു. രാഷ്ട്രീയത്തിനതീതമായി സലിം കുമാറുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു വി.ഡി. സതീശൻ. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം സലിം കുമാർ സജീവമായി പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു സലിം കുമാർ അവസാനമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതും.
അടിയുറച്ച കോൺഗ്രസ് ബോധവും ശക്തമായ രാഷ്ട്രീയ നിലപാടുകളുമുള്ള വ്യക്തിത്വമായിരുന്നു സലിം കുമാറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. “അവസാനം വരെ അദ്ദേഹം അടിയുറച്ചൊരു കോൺഗ്രസുകാരനായിരുന്നു. എന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളും ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു” എന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഏത് സംഘര്‍ഷാവസ്ഥയെയും നര്‍മത്തിലൂടെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാൻ സലിം കുമാറിന് പ്രത്യേക കഴിവുണ്ടായിരുന്നു. കുടുംബങ്ങളെ എപ്പോഴും സന്തോഷിപ്പിച്ചിരുന്ന മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ഹാസ്യനടന്‍ എന്നതിനപ്പുറം താൻ ഒരു വലിയ നടന്‍ കൂടിയാണെന്ന് ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെ അദ്ദേഹം തെളിയിച്ചതാണ്. സമൂഹമാധ്യമങ്ങളിലെ തമാശകളെല്ലാം സലിം കുമാറിന്റേതായിരുന്നു. അടൂര്‍ ഭാസിയെയും ബഹദൂറിനെയും പോലെയാണ് മലയാളികൾക്ക് സലിം കുമാർ. സഹോദരതുല്യനായ ഒരാളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അന്തരിച്ച നടൻ സലിംകുമാറിൻ്റെ പൊതുദർശനം പറവൂർ ടൗൺഹാളിൽ പുരോഗമിക്കുകയാണ്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് എത്തിച്ചത്. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശുപത്രിയിലും എത്തിയിരുന്നു. ടൗൺഹാളിൽ സലിം കുമാറിൻ്റെ കുടുംബാംഗങ്ങളും സന്നിഹിതരാണ്. നിരവധി പേരാണ് സലിംകുമാറിനെ അവസാനമായി ഒരുനോക്ക് കാണാനായി ടൗൺഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.