റോഡ് പണിയുടെ ബില്ല് പാസ്സാക്കാൻ 10,000 രൂപ കൈക്കൂലി; കോൺട്രാക്ടറുടെ പരാതിയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ
കോഴിക്കോട്: പൂർത്തീകരിച്ച റോഡ് പണികളുടെ ബില്ല് പാസ്സാക്കുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്‌ടറിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. കോഴിക്കോട് ഓടുമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ നവീൻ രവിയെ ആണ് വിജിലൻസ് സംഘം ചൊവ്വാഴ്‌ച കയ്യോടെ പിടികൂടിയത്.
പി.ഡബ്ല്യു.ഡി. കോൺട്രാക്‌ട് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച ജോലികളുടെ ബില്ലുകൾ അസിസ്റ്റന്റ് എൻജിനീയർ മെഷർമെൻ്റ് പൂർത്തിയാക്കി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അപ്രൂവ് ചെയ്‌തശേഷം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് അയച്ചിരുന്നു.
രണ്ടു ബില്ലുകളും ഒന്നരമാസമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഓവർസിയർ നവീൻ രവിയുടെ കൈയിൽ എത്തിയിട്ടും പണം കിട്ടാതെവന്നതിനെ തുടർന്ന് പരാതിക്കാരൻ ഒരു സുഹൃത്തുമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തി നവീൻ രവിയെ നേരിൽകണ്ട് വിവരം തിരക്കി. ഈസമയം നവീൻ രവി ബില്ല് പെട്ടെന്ന് ശരിയാക്കി നൽകാമെന്ന് പരാതിക്കാരനോട് പറയുകയും 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരുമ്പോൾ ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ് നവീൻ രവിയെ പണവുമായി കാണാൻ പരാതിക്കാരൻ എത്തിയത്. പണം വാങ്ങുമ്പോൾ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടുകയും ചെയ്‌തു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.