30/03/2026
[fontresizer_tawhidurrahmandear_widget]

‘മോദി ട്രംപിനെ ഭയക്കുന്നില്ല; പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി താങ്കള്‍ക്ക് ഇല്ല’-രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമേരിക്കന്‍ ഗായിക

 ‘മോദി ട്രംപിനെ ഭയക്കുന്നില്ല; പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി താങ്കള്‍ക്ക് ഇല്ല’-രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമേരിക്കന്‍ ഗായിക

വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിനെ ഭയപ്പെടുന്നില്ലെന്നും, മോദിയുടെ നയതന്ത്ര നീക്കങ്ങള്‍ രാജ്യതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതും തന്ത്രപരവുമാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. റഷ്യന്‍ എണ്ണ ഇടപാടുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങള്‍ക്കു പിന്നാലെ രാഹുല്‍ മോദിയെ വിമര്‍ശിച്ചിരുന്നു. മോദിക്ക് ട്രംപിനെ ഭയമാണെന്നായിരുന്നു വിമര്‍ശനം. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമേരിക്കന്‍ ഗായിക മില്‍ബെന്‍.

‘രാഹുല്‍ ഗാന്ധി, താങ്കള്‍ക്ക് തെറ്റി. പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ ഭയപ്പെടുന്നില്ല. മോദി ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. യുഎസുമായുള്ള നയതന്ത്ര ബന്ധം തന്ത്രപരമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു അദ്ദേഹം’- മില്‍ബെന്‍ എക്‌സില്‍ കുറിച്ചു.

ഏതൊരു രാഷ്ട്രത്തലവനും ചെയ്യുന്നതുപോലെ മോദിയും ഇന്ത്യയ്ക്ക് ഏറ്റവും നല്ലത് എന്താണോ, അതാണ് ചെയ്യുന്നത്. ഇത്തരം നേതൃപാടവം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കാരണം താങ്കള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് മോദി ഉറപ്പുനല്‍കിയെന്നായിരുന്ന കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടത്. ഇതിനു പിന്നാലെയായിരുന്നു മോദി ട്രംപിനെ ഭയപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.

കടുത്ത ട്രംപ് ആരാധികയാണ് മേരി മില്‍ബെന്‍. 2023ല്‍ മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ദേശീയഗാനം ആലപിച്ചത് അവരായിരുന്നു. ഇതേ വേദിയില്‍ മില്‍ബെന്‍ പ്രധാനമന്ത്രിയുടെ കാല്‍ തൊട്ട് വണങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Also read: