19/06/2026
[fontresizer_tawhidurrahmandear_widget]

‘ഗോളടിക്കാനുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഒറ്റപ്പൂതി, ബ്രൂണോയുടെ ചാൻസ് തുലച്ചു; ഇങ്ങനെ സെൽഫിഷ് ആകരുത്’-ആഞ്ഞടിഞ്ഞ് തിയറി ഹെൻറി

 ‘ഗോളടിക്കാനുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഒറ്റപ്പൂതി, ബ്രൂണോയുടെ ചാൻസ് തുലച്ചു; ഇങ്ങനെ സെൽഫിഷ് ആകരുത്’-ആഞ്ഞടിഞ്ഞ് തിയറി ഹെൻറി

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. കളിക്കളത്തിൽ സ്വന്തം പേരിൽ ഗോൾ കുറിക്കാനുള്ള സ്വാർത്ഥത കാരണം റൊണാൾഡോ സഹതാരങ്ങളുടെ മികച്ച അവസരങ്ങൾ പോലും ഇല്ലാതാക്കുകയാണെന്ന് ഹെൻറി തുറന്നടിച്ചു. ഫോക്‌സ് സ്‌പോർട്‌സിലെ ലോകകപ്പ് വിശകലന പരിപാടിക്കിടെയാണ് ഹെൻറി പോർച്ചുഗീസ് നായകനെതിരെ ആഞ്ഞടിച്ചത്.

”ഒരു കാര്യം മനസ്സിലാക്കുക; ഇവിടെ ഗോൾ അടിക്കേണ്ടത് ടീമാണ്. അല്ലാതെ നിങ്ങൾ വ്യക്തിപരമായി ഗോൾ അടിക്കുകയല്ല വേണ്ടത്. ഗോളടിക്കാനുള്ള ആ ഒറ്റപ്പൂതി കാരണം ക്രിസ്റ്റ്യാനോ ബ്രൂണോ ഫെർണാണ്ടസിന്റെ സുവർണാവസരമാണ് കളഞ്ഞുകുളിച്ചത്. കളത്തിൽ ഇങ്ങനെ സെൽഫിഷ് ആകരുത്. എപ്പോഴും ടീമാണ് പ്രധാനം.”-തിയറി ഹെൻറി വിമർശിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പോർച്ചുഗലിന് ലഭിച്ച ഒരു സുപ്രധാന ഗോൾ അവസരം റൊണാൾഡോയുടെ തെറ്റായ പൊസിഷനിങ് കാരണം എങ്ങനെയാണ് നഷ്ടമായതെന്ന് ഹെൻറി വിശദീകരിച്ചു. ജോവോ കാൻസെലോ ബോക്‌സിലേക്ക് നൽകിയ മികച്ചൊരു പാസ് സ്വീകരിക്കാൻ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് കൃത്യമായ വേഗതയിൽ കുതിച്ചെത്തിയിരുന്നു. ഈ സമയം റൊണാൾഡോ മുന്നിലുള്ള ആറ് വാര ബോക്‌സിലേക്ക് ഓടിക്കയറിയിരുന്നെങ്കിൽ കോംഗോ പ്രതിരോധ നിരക്കാരും അദ്ദേഹത്തോടൊപ്പം പോകുമായിരുന്നു. അത് ബ്രൂണോയ്ക്ക് അനായാസം പന്ത് വലയിലെത്തിക്കാൻ വഴിതുറക്കുമായിരുന്നു.

എന്നാൽ, തനിക്ക് തന്നെ ഗോൾ അടിക്കണമെന്ന നിർബന്ധം കാരണം റൊണാൾഡോ ബ്രൂണോ ഫെർണാണ്ടസ് ഓടിവന്ന അതേ പാതയിലേക്ക് കയറിനിന്ന് സ്‌പേസ് ഇല്ലാതാക്കിയെന്ന് ഹെൻറി ചൂണ്ടിക്കാട്ടി. ഇത് കോംഗോ പ്രതിരോധത്തിന് കാര്യങ്ങൾ എളുപ്പമാക്കി. പന്ത് വിട്ടുതരാനും തനിക്ക് അടിക്കാൻ പാകത്തിൽ വഴിമാറാനും ആവശ്യപ്പെടുന്ന തരത്തിലുള്ള ബ്രൂണോ ഫെർണാണ്ടസിന്റെ നിരാശ നിറഞ്ഞ പ്രതികരണം തൊട്ടുപിന്നാലെ കാണാമായിരുന്നുവെന്നും ഹെൻറി വ്യക്തമാക്കി.

മത്സരത്തിൽ പത്തൊൻപതുകാരൻ ജാവോ നെവെസിലൂടെ ആറാം മിനിറ്റിൽ തന്നെ പോർച്ചുഗൽ ലീഡ് എടുത്തിരുന്നെങ്കിലും ഒന്നാം പകുതിയുടെ അധിക സമയത്ത് യോവാൻ വിസ്സയിലൂടെ കോംഗോ സമനില പിടിക്കുകയായിരുന്നു (സ്‌കോർ: 1-1). 41ാം വയസ്സിലും തന്റെ ആറാം ലോകകപ്പ് പതിപ്പ് കളിക്കാനിറങ്ങിയ റൊണാൾഡോയ്ക്ക് മത്സരത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല.

സ്റ്റാർട്ടിങ് ഇലവനിലിറങ്ങിയ പോർച്ചുഗൽ താരങ്ങളിൽ ഏറ്റവും കുറവ് തവണ പന്ത് തൊട്ടത് (വെറും 25 ടച്ചുകൾ) റൊണാൾഡോയായിരുന്നു. റൊണാൾഡോ പൂർണമായും ഫോം ഔട്ടായിട്ടും 90 മിനിറ്റും അദ്ദേഹത്തെ കളത്തിൽ നിലനിർത്തിയ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസിനെതിരെയും പ്രമുഖ മുൻ താരങ്ങളിൽനിന്നു വിമർശനം ഉയരുന്നുണ്ട്. ആദ്യ മത്സരത്തിലെ സമനിലയോടെ ഗ്രൂപ്പ് കെ-യിൽ പോർച്ചുഗലിന് വരും പോരാട്ടങ്ങൾ നിർണായകമായിരിക്കുകയാണ്.

Also read: