‘രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കരാറിൽ ഇന്ത്യ ഒപ്പുവെക്കരുത്, ട്രംപിനെ പ്രീണിപ്പിക്കുന്നത് മോദി നിർത്തണം’: കോൺഗ്രസ്
ന്യൂഡൽഹി: യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ സന്ദർശനത്തിനിടെ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവെക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ “നല്ല സുഹൃത്ത്” ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് എക്സിലൂടെ പ്രതികരിച്ചു. യുഎസ് സുപ്രീം കോടതി വിധിയെ തുടർന്ന് അമേരിക്കയുമായുള്ള വ്യാപാര കരാർ നിരസിച്ച മലേഷ്യയിൽ നിന്ന് മോദി സർക്കാർ പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 6-ലെ ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന പ്രകാരം, ഇന്ത്യൻ കയറ്റുമതിയുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാമെന്ന് യുഎസ് വാഗ്ദാനം ചെയ്തിരുന്നു. പകരം, യുഎസ് ഉൽപ്പന്നങ്ങളുടെ താരിഫ് കുറയ്ക്കാനും അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ വരെ ഇറക്കുമതി ചെയ്യാനും ഇന്ത്യയും സമ്മതിച്ചു. എന്നാൽ, ട്രംപിന്റെ പരസ്പര താരിഫ് തന്ത്രം നിയമവിരുദ്ധമാണെന്ന് ഫെബ്രുവരി 20-ന് യുഎസ് സുപ്രീം കോടതി വിധിച്ചതോടെ ഇന്ത്യക്ക് ലഭിക്കേണ്ടിയിരുന്ന ഇളവുകൾ ഇല്ലാതായതായി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
വിധിക്ക് പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് താൽക്കാലികമായി 10 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ നിയമസാധുത ജൂലൈ 24-ന് അവസാനിക്കാനിരിക്കെ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. കൂടാതെ, അന്യായമായ വ്യാപാര രീതികൾ ആരോപിച്ച് ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ യുഎസ് അന്വേഷണം നടത്തുന്നുണ്ട്. കരാറിൽ ഇന്ത്യയെക്കൊണ്ട് നിർബന്ധിപ്പിച്ചു ഒപ്പിടുവിക്കാനുള്ള ഭീഷണിയായാണ് യുഎസ് ഈ അന്വേഷണത്തെ ഉപയോഗിക്കുന്നത്.
ഈ കരാർ ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാകുമെന്നും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കർഷകരെ ഇത് ദോഷകരമായി ബാധിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവരുമായി കരാറുണ്ടായിട്ടും തീരുവ വർധിപ്പിക്കുമെന്ന് യുഎസ് ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിൽ, കരാറുകൾ പാലിക്കപ്പെടുമെന്ന് ഉറപ്പില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ഫെബ്രുവരിയിലെ ഇടക്കാല വ്യാപാര കരാർ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാണ് നിലവിൽ ഗ്രീർ ഇന്ത്യ സന്ദർശിക്കുന്നത്.