‘നിങ്ങളുടെ പെൺമക്കളുടെ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ?’; പൊലീസ് അതിക്രമത്തിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
അഖിലേഷ് യാദവ്
ന്യൂഡൽഹി: സി.ജെ.പി നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ പൊലീസ് അഴിച്ചുവിട്ട ക്രൂരമായ അടിച്ചമർത്തലിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ നിരയുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിക്കവെയാണ് പൊലീസ് നടപടിയെ അദ്ദേഹം കടുത്ത ഭാഷയിൽ ചോദ്യം ചെയ്തത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സഭയിൽ എത്തി വിശദീകരണം നൽകണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
‘നിങ്ങൾ വിദ്യാർഥികളെ കേൾക്കുന്നില്ലെങ്കിൽ അവർ തെരുവുകളിലേക്ക് വരും. വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ഇതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ കീറി. വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചു. അടിയേറ്റ് അവരുടെ ചോരചിന്തി. അവരുടെ കാലുകൾ തകർന്നു. ഇങ്ങനെയാണോ നമ്മുടെ വിദ്യാർഥികളോട് പെരുമാറേണ്ടത്? നിങ്ങളുടെ മക്കളായിരുന്നെങ്കിൽ ആ പെൺകുട്ടികളുടെ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ’ എന്നും സഭയിൽ അദ്ദേഹം തുറന്നടിച്ചു.
പ്രധാനമന്ത്രി സഭയിൽ സംസാരിക്കാൻ തയ്യാറാകാതിരുന്നതിനാലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉപരോധം ഏർപ്പെടുത്തിയതെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. വിദ്യാർഥികളുടെ വിഷയത്തിൽ സഭയ്ക്ക് പുറത്ത് പ്രധാനമന്ത്രിക്ക് സംസാരിക്കാമെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം പാർലമെന്റിന് ഉള്ളിൽ പ്രസ്താവന നടത്താത്തതെന്നും അദ്ദേഹം ചോദ്യമുയർത്തി. വിദ്യാർഥികളുടെ ശബ്ദം സഭയ്ക്ക് മുന്നിൽ ഉറക്കെ കേൾപ്പിക്കാനാണ് താനും രാഹുൽ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ അവിടെ പോയത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നു. പ്രധാനമന്ത്രി പാർലമെന്റിൽ തങ്ങളെ കേട്ടിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകില്ലായിരുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിപ്പേർത്തു.