ഇറാൻ യുദ്ധം:ട്രംപിന്റെ ലക്ഷ്യങ്ങളിൽ ഭൂരിഭാഗം പേർക്കും സംശയം; അമേരിക്കയിൽ ജനപിന്തുണ ഇടിയുന്നതായി സർവേ റിപ്പോർട്ട്
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭരണകൂടത്തിനും തിരിച്ചടിയായി ജനപിന്തുണ കുത്തനെ കുറയുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ പുതിയ സർവേ പ്രകാരം മൂന്നിലൊന്ന് അമേരിക്കക്കാർ മാത്രമാണ് നിലവിൽ ഇറാൻ യുദ്ധത്തെ പിന്തുണയ്ക്കുന്നത്. ആക്രമണം ആരംഭിച്ചിട്ട് അഞ്ച് മാസം പിന്നിടുമ്പോൾ സംഘർഷത്തിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പിന്തുണയാണിത്.
ഇറാനിൽ യുഎസ് നടത്തുന്ന സൈനിക ഇടപെടലിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ ട്രംപിന് സാധിച്ചിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത 69 ശതമാനം അമേരിക്കക്കാരും അഭിപ്രായപ്പെട്ടു. ഇതിൽ പത്തിൽ നാല് റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളും ഉൾപ്പെടുന്നു. ഇറാനിലെ ഭരണമാറ്റം, ബാലിസ്റ്റിക് മിസൈൽ ശേഷി ഇല്ലാതാക്കൽ, ആണവായുധം തടയൽ എന്നിങ്ങനെ വൈവിധ്യമാർന്ന ലക്ഷ്യങ്ങളാണ് ട്രംപ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, ഇത്തരം പ്രഖ്യാപനങ്ങൾ പൊതുജനങ്ങളിൽ വ്യക്തത ഉണ്ടാക്കിയിട്ടില്ലെന്നാണ് വോട്ടെടുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
മുൻകാലങ്ങളിൽ അമേരിക്ക പങ്കെടുത്ത മറ്റ് യുദ്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ സൈനിക നടപടിക്കുള്ള പിന്തുണ വളരെ കുറവാണ്. 2003-ൽ തുടങ്ങിയ ഇറാഖ് യുദ്ധത്തിന് തുടക്കത്തിൽ 70 ശതമാനത്തോളം ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. 2001-ലെ അഫ്ഗാനിസ്ഥാൻ യുദ്ധത്തിന്റെ ആദ്യ നാളുകളിൽ 90 ശതമാനം ആളുകളും യുദ്ധത്തെ പിന്തുണച്ചതായി ഗാലപ്പ് സർവേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ആക്രമണം ആരംഭിച്ചത് മുതൽ ഈ യുദ്ധത്തിനുള്ള പിന്തുണ 40 ശതമാനത്തിന് താഴെയാണ്.
യുദ്ധം മൂലം പെട്രോൾ വില ഗാലണിന് 3 ഡോളറിൽ നിന്ന് 4 ഡോളറിന് മുകളിലേക്ക് ഉയർന്നതും 18 യുഎസ് സൈനികർ കൊല്ലപ്പെട്ടതും ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ ജനരോഷം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്വതന്ത്ര വോട്ടർമാർക്കിടയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കാണ് കൂടുതൽ പിന്തുണ കാണിക്കുന്നത്.
അതേസമയം, അഭിപ്രായ സർവേകളുടെ അടിസ്ഥാനത്തിലല്ല ട്രംപ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലിവിയ വെയിൽസ് വ്യക്തമാക്കി. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി ധീരമായ നടപടികൾ സ്വീകരിക്കുന്ന കമാൻഡർ ഇൻ ചീഫാണ് ട്രംപെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ട്രംപിന്റെ പൊതു ജനപ്രീതി മൂന്ന് പോയിന്റ് വർധിച്ച് 37 ശതമാനത്തിലെത്തിയിട്ടുണ്ട്. 1,246 അമേരിക്കൻ മുതിർന്ന പൗരന്മാരിലാണ് ഈ ഓൺലൈൻ സർവേ നടത്തിയത്.