എല്ലാത്തിനും എഐ മതിയോ? ചാറ്റ് ജി.പി.ടിയും ജെമിനിയും നിങ്ങളുടെ മസ്തിഷ്ക പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കും?
മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) നിരന്തരമായ ഉപയോഗം ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യന്റെ മസ്തിഷ്ക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. എ.ഐ നേരിട്ട് തലച്ചോറിന് കേടുപാടുകൾ വരുത്തില്ലെങ്കിലും, ചാറ്റ് ജി.പി.ടി, ജെമിനി, ഗ്രോക്ക് തുടങ്ങിയ ഉപകരണങ്ങളെ എല്ലാ കാര്യങ്ങൾക്കുമായി അമിതമായി ആശ്രയിക്കുന്നത് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യന്റെ കഴിവിനെ ഇല്ലാതാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
കോഗ്നിറ്റീവ് ഓഫ്ലോഡിംഗ് എന്നാൽ എന്ത്?
നാം ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുമ്പോൾ അതിനെ വായിക്കുക മാത്രമല്ല ചെയ്യുന്നത് എന്ന് അപ്പോളോ നവി മുംബൈയിലെ സീനിയർ ന്യൂറോളജി കൺസൾട്ടന്റായ ഡോ. ഗിരീഷ് നായർ ലൈവ്മിന്റിനോട് പറഞ്ഞു. അതിനെ പ്രോസസ്സ് ചെയ്യുകയും ചോദ്യം ചെയ്യുകയും നമുക്ക് നേരത്തെ അറിയാവുന്ന കാര്യങ്ങളുമായി ബന്ധിപ്പിച്ച് സ്വന്തമായൊരു ധാരണയുണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ എ.ഐ എപ്പോഴും നമുക്ക് തയ്യാറാക്കിയ സംഗ്രഹങ്ങൾ (Summary) തരുമ്പോൾ സമയം ലാഭിക്കാൻ കഴിഞ്ഞേക്കാം, പക്ഷേ നമ്മുടെ മനസ്സ് ചെയ്യേണ്ട ജോലി നാം കുറയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈദ്യശാസ്ത്രപരമായി ഇതിനെ ‘കോഗ്നിറ്റീവ് ഓഫ്ലോഡിംഗ്’ (Cognitive Offloading) എന്നാണ് വിളിക്കുന്നത്. ഒരു കാര്യത്തിനായി തലച്ചോറ് ചെയ്യേണ്ട ജോലിയുടെ ഭാരം കുറയ്ക്കാൻ ബാഹ്യ ഉപകരണങ്ങളെ ആശ്രയിക്കുന്ന രീതിയാണിത്. കാൽക്കുലേറ്ററുകൾ ഉപയോഗിക്കുന്നതിലോ, കാര്യങ്ങൾ കുറിച്ചുവെക്കുന്നതിലോ, സേർച്ച് എഞ്ചിനുകൾ ആശ്രയിക്കുന്നതിലോ തെറ്റില്ല. എന്നാൽ സ്വയം ചിന്തിക്കാനും, വിശകലനം ചെയ്യാനും, പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കുന്നത് വ്യക്തികൾ പൂർണ്ണമായി നിർത്തുമ്പോഴാണ് യഥാർത്ഥ പ്രശ്നം ആരംഭിക്കുന്നത്.
ഓർമ്മശക്തിയെയും തീരുമാനങ്ങളെയും ബാധിക്കും
എ.ഐ ഉപകരണങ്ങളിലുള്ള പൂർണ്ണമായ ആശ്രയം സ്വയം കാര്യങ്ങൾ ചെയ്യാനുള്ള പരിശീലനം കുറയ്ക്കുന്നു. ഇത് ഒരു വ്യക്തിയുടെ ഓർമ്മശക്തി, വിവരങ്ങൾ ഓർത്തെടുക്കാനുള്ള കഴിവ്, പ്രശ്നപരിഹാര ശേഷി, ഭാഷാ വൈദഗ്ദ്ധ്യം, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിച്ചേക്കാം. ഉദാഹരണത്തിന് ഒരു ഇമെയിൽ എഴുതുന്ന കാര്യം മാത്രം എടുക്കുക. എ.ഐ തന്നെ ആദ്യ വരി മുതൽ ഇമെയിൽ എഴുതുകയാണെങ്കിൽ, നമ്മുടെ ചിന്തകളെ ഏകോപിപ്പിക്കുന്നതിലും ശരിയായ വാക്കുകൾ തിരഞ്ഞെടുക്കുന്നതിലും നമ്മൾ കുറഞ്ഞ പങ്കുമാത്രമാണ് വഹിക്കുന്നത്. വേഗത്തിൽ ഉത്തരം ലഭിക്കുന്നത് നല്ലതാണെങ്കിലും, ആ ഉത്തരത്തിലേക്ക് എത്തുന്നതിനുള്ള വഴികളിലൂടെ മസ്തിഷ്കം കടന്നുപോകുന്നത് തലച്ചോറിന് പ്രയോജനം ചെയ്യുമെന്ന് ഡോ. ഗിരീഷ് നായർ പറഞ്ഞു.
കുട്ടികളിൽ വൻ ആശങ്ക
മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികൾ എ.ഐ ഉപയോഗിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളിൽ ശ്രദ്ധ, ഓർമ്മശക്തി, പ്രശ്നപരിഹാരം, സ്വയം നിയന്ത്രണം തുടങ്ങിയ പ്രധാനപ്പെട്ട ചിന്താശേഷികൾ വളർന്നുവരുന്ന ഘട്ടമാണ്. ഒരു പ്രയാസമേറിയ കാര്യം സ്വയം മനസ്സിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ശേഷം കുട്ടികൾക്ക് അത് ലളിതമായി മനസ്സിലാക്കാൻ എ.ഐ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ഹോംവർക്ക് എഴുതാനും, ഗണിത പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാനും, ഉത്തരങ്ങൾ തയ്യാറാക്കാനും തുടക്കം മുതലേ എ.ഐ സ്ഥിരമായി ഉപയോഗിച്ചാൽ കുട്ടികൾക്ക് സ്വയം കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം കുറയുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
എ.ഐ ഉപയോഗം നിർത്തണമെന്നാണോ?
എന്നിരുന്നാലും എ.ഐ ഉപയോഗിക്കുന്നത് ഉടനടി നിർത്തണം എന്ന് ഇതിനർത്ഥമില്ല. എപ്പോൾ, എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ആദ്യഘട്ടത്തിൽ ചോദ്യങ്ങൾ സ്വയം ചെയ്യാൻ ശ്രമിക്കുക, അതിനുശേഷം ജോലികൾ പരിശോധിക്കാനും വീഴ്ചകൾ കണ്ടെത്താനും മറ്റ് ആശയങ്ങൾ ലഭിക്കാനും എ.ഐ ഉപയോഗിക്കുക. അങ്ങനെ ചെയ്താൽ തലച്ചോറിനെ എപ്പോഴും സജീവമായി നിലനിർത്താൻ കഴിയുമെന്ന് ന്യൂറോളജിസ്റ്റ് വ്യക്തമാക്കുന്നു.