‘ഉപ്പ് തിന്നവർ വെള്ളം കുടിക്കും, 25 കോടിയുടെ അഴിമതി കേട്ട് ബോധം പോയില്ലെന്നേയുള്ളൂ’: വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി.പി ദിവ്യ
കണ്ണൂർ: തനിക്കെതിരായ വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി സിപിഎം നേതാവ് പി.പി ദിവ്യ. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഭയന്നവിറച്ച് മാളത്തിലൊളിക്കാൻ തയ്യാറല്ലെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം.
തന്റെയോ ഭർത്താവിന്റെയോ പേരിൽ ബിനാമിയായോ അനധികൃത സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്തട്ടെ എന്നും ഒരിഞ്ച് ഭൂമിയെങ്കിലും അധികമായി കണ്ടെത്തിയാൽ അത് മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറാണെന്നും ദിവ്യ വെല്ലുവിളിച്ചു. അഞ്ച് സെന്റിലെ വീടും ബാങ്ക് വായ്പയെടുത്ത ഭൂമിയും ഒരു കാറും ഇരുചക്രവാഹനവും മാത്രമാണ് ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
25 കോടിയുടെ അഴിമതി ആരോപണം കേട്ട് ബോധം പോയില്ലെന്നേയുള്ളൂവെന്ന് പറഞ്ഞ ദിവ്യ, ജില്ലാ പഞ്ചായത്ത് പദ്ധതികൾ ഇ-ടെൻഡർ വഴിയാണ് നടപ്പാക്കിയതെന്നും വ്യക്തമാക്കി. മാധ്യമവിചാരണയ്ക്ക് അറുതി വേണമെന്നും രാഷ്ട്രീയ എതിരാളികൾക്കൊപ്പം നിൽക്കുന്ന ‘യൂദാസുമാരുടെ’ മുഖംമൂടികൾ പുറത്തുവരുമെന്നും അവർ കുറിച്ചു. ഷമ്മാസിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും ദിവ്യ അറിയിച്ചു.