ധ്രുവ് റാഠിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത ബി.ജെ.പി നേതാവിന് പിഴയിട്ട് കോടതി
ന്യൂഡല്‍ഹി: പ്രശസ്ത യുട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ഹരജിക്കാരനായ ബി.ജെ.പി നേതാവിന് പിഴടിത്ത് കോടതി. സുരേഷ് നഖുവയ്‌ക്കെതിരെയാണ് ഡല്‍ഹി കോടതിയുടെ നടപടി. കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സാകേത് കോടതി ജില്ലാ ജഡ്ജി പ്രീതം സിങ് 5,000 രൂപ പിഴ വിധിച്ചത്.
കേസില്‍ സുരേഷ് നഖുവയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന്‍ പിന്മാറിയെന്നും, അതിനാല്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ സമയം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു പരാതിക്കാരന്‍. വക്കാലത്ത് ഫയല്‍ ചെയ്യുന്നതിനായി കേസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോടതി, ഇനിയൊരു അവസരം കൂടി നല്‍കാനാവില്ലെന്നും വ്യക്തമാക്കിയാണ് പിഴയടക്കാന്‍ ഉത്തരവിട്ടത്. ഈ തുക ധ്രുവ് റാഠിക്ക് നല്‍കാനും ഉത്തരവുണ്ട്.
‘മൈ റിപ്ലൈ ടു ഗോദി യുട്യൂബേഴ്‌സ്'(My Reply to Godi Youtubers) എന്ന തലക്കെട്ടില്‍ ധ്രുവ് റാഠി യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സുരേഷ് നഖുവ കോടതിയെ സമീപിച്ചത്. വീഡിയോയില്‍ തന്നെ ‘അക്രമാസക്തരായ ട്രോളന്മാരുടെ'(violent and abusive trolls) ഭാഗമായി ചിത്രീകരിച്ചുവെന്നും ഇത് തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് നഖുവയുടെ പരാതി. 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹരജി.
നേരത്തെയും ഈ കേസില്‍ നഖുവ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവുകളുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ നോട്ടറിയോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ച്ചയായി കേസ് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ കര്‍ശന നടപടി. കേസ് പരിഗണിക്കുന്നത് 2026 മാര്‍ച്ച് 11-ലേക്ക് മാറ്റി.