31/03/2026
[fontresizer_tawhidurrahmandear_widget]

‘മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും ഒരേ ശബ്ദം; വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ചുകിടക്കും’; ആഞ്ഞടിച്ച് വി.ഡി സതീശന്‍

 ‘മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും ഒരേ ശബ്ദം; വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ചുകിടക്കും’; ആഞ്ഞടിച്ച് വി.ഡി സതീശന്‍

വി.ഡി സതീശന്‍

കൊച്ചി: വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഒരടി പിന്നോട്ടില്ലെന്നും അതിന്റെ പേരില്‍ എന്ത് നഷ്ടമുണ്ടായാലും സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്റെയും സുകുമാരന്‍ നായരുടെയും വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശബ്ദം ഒന്നാണെന്നും ടീം യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശന്‍ പറഞ്ഞു.

‘വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും. അതില്‍ അഭിമാനമേയുള്ളൂ. അല്ലാതെ വര്‍ഗീയതയോട് സന്ധി ചെയ്ത് ഒളിച്ചോടില്ല,’ സതീശന്‍ വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിനെതിരെയും കോണ്‍ഗ്രസിനെതിരെയും ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് സതീശന്‍ മറുപടി നല്‍കി. ‘മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശബ്ദം ഒന്നാണ്. അത് മതേതരത്വത്തിന് വേണ്ടിയുള്ള ശബ്ദമാണ്. മതേതര കേരളം എന്നും ഞങ്ങളുടെ കൂടെ നില്‍ക്കും. ഇത് ടീം യുഡിഎഫ് ആണ്. ഞങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും’ അദ്ദേഹം പറഞ്ഞു.

ലീഗിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസിനെ അടിക്കാനുള്ള നീക്കം വിലപ്പോകില്ലെന്നും സതീശന്‍ വ്യക്തമാക്കി. നായര്‍-ഈഴവ ഐക്യത്തില്‍ ലീഗിന് എന്തു റോളാണുള്ളത്? അത്തരം പ്രചാരണങ്ങളിലൊന്നും ഒരു കാര്യവുമില്ല. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ വിഷം ചീറ്റുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചേര്‍ത്തുപിടിക്കുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ ആദരിക്കുകയും മുഖ്യമന്ത്രി സ്വന്തം കാറില്‍ കയറ്റിക്കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നവരെ ഇടതുപക്ഷം താലോലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങി വോട്ട് ചോദിക്കില്ലെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും, സമുദായ സംഘടനകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും സതീശന്‍ ആവര്‍ത്തിച്ചു.

Also read: