കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി ഗായകസംഘം; പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം ആലപിച്ചതിനെ ചൊല്ലി കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം നടന്നത്. ഗാനമേളയ്ക്കിടെ സംഘപരിവാർ വേദികളിൽ ആലപിക്കാറുള്ള ഗണഗീതം പാടിയതാണ് തർക്കത്തിന് കാരണമായത്.
പരിപാടിക്കിടെ സദസ്സിൽ നിന്നുള്ള ആവശ്യപ്രകാരം ഗായകസംഘം ഗണഗീതം ആലപിക്കുകയായിരുന്നു. എന്നാൽ, രണ്ട് സിപിഎം പ്രവർത്തകർ സ്‌റ്റേജിൽ കയറി പാട്ട് തടയുകയും പാടുന്നത് നിർത്തിപ്പിക്കുകയും ചെയ്തു. ക്ഷേത്ര സംഘാടക സമിതിയിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് മുൻകൈയുള്ളതിനാൽ സംഭവം വലിയ പ്രതിഷേധത്തിന് വഴിമാറി. പാട്ട് തടയാൻ ശ്രമിച്ച സിപിഎം പ്രവർത്തകരെ ബിജെപി,ആർഎസ്എസ് പ്രവർത്തകർ മർദ്ദിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. സംഭവത്തിൽ ഇരുവിഭാഗവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
നാട്ടുകാർ ഇടപെട്ടാണ് നിലവിൽ രംഗം ശാന്തമാക്കിയത്. കണ്ണൂരിലെ ക്ഷേത്രോത്സവ വേദികളിൽ ഇത്തരം ഗണഗീതങ്ങൾ ആലപിക്കുന്നത് മുൻപും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. അതേസമയം, സദസ്സിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഗാനം ആലപിച്ചതെന്നാണ് ഗായകസംഘത്തിന്റെ വിശദീകരണം.