04/03/2026
[fontresizer_tawhidurrahmandear_widget]

‘കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണം’-നികേഷ് കുമാര്‍ സുപ്രീം കോടതിയിൽ

 ‘കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണം’-നികേഷ് കുമാര്‍ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന് എം.വി നികേഷ് കുമാർ. അഴീക്കോട് തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിച്ച അയോഗ്യത നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് നികേഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ നാളെ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ചുവയുള്ള ലഘുലേഖകൾ വിതരണം ചെയ്ത് വോട്ട് തേടിയെന്ന പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ഷാജിയെ വിലക്കിയ ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. എംഎൽഎ ആയി തുടരാമെങ്കിലും നിയമസഭയിൽ വോട്ടുചെയ്യാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ പാടില്ലെന്ന ഉപാധികളോടെയായിരുന്നു സ്‌റ്റേ അനുവദിച്ചത്.

സംസ്ഥാനം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് ഈ അയോഗ്യത കേസ് വീണ്ടും സജീവമാകുന്നത്. 2016ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജിക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് ഷാജിയുടെ അഭിഭാഷകൻ നിഖിൽ ഗോയൽ വാദിച്ചു. എന്നാൽ, ഹൈക്കോടതി വിധിച്ച അയോഗ്യത എന്ന വിഷയം ഇപ്പോഴും നിയമപരമായി നിലനിൽക്കുന്നുണ്ടെന്ന് നികേഷ് കുമാറിന് വേണ്ടി ഹാജരായ അഡ്വ. പി.വി ദിനേശ് ചൂണ്ടിക്കാട്ടി.

മുമ്പ് ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് കേസിൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അയോഗ്യത നിലനിൽക്കുമെന്ന് വാദിച്ചത്. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. നികേഷ് കുമാറിനായി സീനിയർ അഭിഭാഷകൻ പി.വി ദിനേശ്, ആൻ മാത്യു എന്നിവരും ഷാജിക്ക് വേണ്ടി നിഖിൽ ഗോയൽ, ഹാരിസ് ബീരാൻ തുടങ്ങിയവരും ഹാജരായി.

Also read: