02/03/2026
[fontresizer_tawhidurrahmandear_widget]

എസ്‌ഐആർ പട്ടികയിലെ ‘പരേതരെ’ ജീവനോടെ ഗ്യാനേഷ് കുമാറിനു മുന്നിൽ ഹാജരാക്കി മമത; കൂടിക്കാഴ്ചയിൽ നാടകീയ രംഗങ്ങൾ

 എസ്‌ഐആർ പട്ടികയിലെ ‘പരേതരെ’ ജീവനോടെ ഗ്യാനേഷ് കുമാറിനു മുന്നിൽ ഹാജരാക്കി മമത; കൂടിക്കാഴ്ചയിൽ നാടകീയ രംഗങ്ങൾ

ഗ്യാനേഷ് കുമാര്‍, എസ്ഐആറില്‍ മരിച്ചവരെന്ന് രേഖപ്പെടുത്തിയ വോട്ടര്‍മാരുമായി മമത ഡല്‍ഹിയില്‍

ന്യൂഡൽഹി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗ്യാനേഷ് കുമാർ അഹങ്കാരിയും നുണയനുമാണെന്ന് വിശേഷിപ്പിച്ച മമത, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.

ഇന്ന് ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എംപി കല്യാൺ ബാനർജി എന്നിവർക്കൊപ്പമായിരുന്നു മമത കമ്മീഷണറെ കണ്ടത്. 90 മിനിറ്റോളം നേരം നീണ്ട കൂടിക്കാഴ്ച നാടകീയ രംഗങ്ങൾക്കു സാക്ഷിയായി.

എസ്‌ഐആറിൽ മരിച്ചവരെന്ന് കാണിച്ച് പേരുവെട്ടിയ നൂറോളം പേരുമായായിരുന്നു മമത ഡൽഹിയിൽ എത്തിയത്. ഇവരിൽ ഏതാനും പേരെ അവർ യോഗത്തിൽ ഹാജരാക്കി. യോഗത്തിലേക്ക് തൃണമൂൽ സംഘം ഒപ്പം കൂട്ടിയ ക്യാമറാമാനെ പുറത്താക്കിയതായും നേതാക്കൾ ആരോപിക്കുന്നു. കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും തമ്മിൽ വൻ വാക്കേറ്റമാണു നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒടുവിൽ, മമതയും സംഘവും പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയായിരുന്നു.

ഇതിനുശേഷമായിരുന്നു മമത മാധ്യമങ്ങളോട് സംസാരിച്ചത്. ‘പട്ടികയിൽ മരിച്ചുവെന്ന് രേഖപ്പെടുത്തിയവർ ഇതാ ഇവിടെ ജീവനോടെ നിൽക്കുന്നു. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്?’ അവർ ചോദിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടെ 150-ഓളം പേർ മരിച്ചതായും മമത ചൂണ്ടിക്കാട്ടി.

”ബിജെപി ഭരിക്കുന്ന അസമിൽ ഇല്ലാത്ത എസ്ഐആർ നടപടികൾ ബംഗാളിലും തമിഴ്നാട്ടിലും മാത്രം നടപ്പിലാക്കുന്നത് എന്തിനാണ്? ബംഗാളിനെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ല. ബംഗാളിൽ ഏകദേശം 58 ലക്ഷം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തു. കൃത്യമായ ആസൂത്രണമില്ലാതെയാണ് ഈ നടപടികൾ സ്വീകരിച്ചത്.”-അവർ കുറ്റപ്പെടുത്തി.

വോട്ടർ പട്ടിക പുതുക്കാൻ പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് ചോദിക്കുന്നത് അസംബന്ധമാണെന്നും അവർ പറഞ്ഞു. പണ്ട് ആശുപത്രികളിലല്ല പ്രസവം നടന്നിരുന്നത്. പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആശുപത്രി ജനന സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദിക്കണമെന്നും മമത പരിഹസിച്ചു.

തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്രയും അഹങ്കാരിയും നുണയനുമായ ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടിട്ടില്ലെന്ന് മമത പറഞ്ഞു. ‘ഞാൻ നാല് തവണ മന്ത്രിയും ഏഴ് തവണ എംപിയുമായിരുന്ന ആളാണ്. നിങ്ങളുടെ കസേരയെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ ഒരു കസേരയും ശാശ്വതമല്ലെന്ന് ഓർക്കണം. ബിജെപിയുടെ ഏജന്റായാണ് കമ്മീഷണർ പ്രവർത്തിക്കുന്നത്. ജഗദീപ് ധൻഖഡിന്റെ അനുഭവമാകും താങ്കളെയും കാത്തിരിക്കുന്നത്’-ഗ്യാനേഷ് കുമാറിനോട് പറഞ്ഞ കാര്യം മമത മാധ്യമങ്ങളോട് വിശദീകരിച്ചു.

ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനാ നടപടികൾ നിർത്തിവെക്കണമെന്നും അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് സമരം ശക്തമാക്കാനാണ് നീക്കം.

Also read: