‘ഫ്‌ളൈറ്റിൽ ഡൽഹിയിൽ പോയി അനാവശ്യമായി പണം കളയുന്നത് ഇഷ്ടമല്ല’; മോദിയെ കാണാൻ പോകാത്തതിൽ ആർ. ശ്രീലേഖ
ആര്‍. ശ്രീലേഖ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ബി.ജെ.പി കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി മുൻ ഡി.ജി.പിയും കൗൺസിലറുമായ ആർ. ശ്രീലേഖ. ഡൽഹി യാത്ര ഒഴിവാക്കിയത് പാർട്ടിയോടുള്ള അതൃപ്തി കൊണ്ടല്ലെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും അവർ അറിയിച്ചു. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.
തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് 14 കൗൺസിലർമാർ പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ, ശ്രീലേഖ ഇവർക്കൊപ്പം തിരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്.
‘കേരള എക്‌സ്പ്രസിലുള്ള ദീർഘദൂര യാത്ര ഈ പ്രായത്തിൽ എനിക്ക് ബുദ്ധിമുട്ടാണ്. ഫ്‌ളൈറ്റിൽ ടിക്കറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അനാവശ്യമായി പണം ചെലവാക്കുന്നതിൽ എനിക്ക് താൽപര്യമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും ഞാൻ വളരെ കുറഞ്ഞ ചെലവിലാണ് പ്രവർത്തിച്ചത്.’-ശ്രീലേഖ വിശദീകരിച്ചു.
’94 വയസ്സുള്ള അമ്മ വീട്ടിലുണ്ട്. അഞ്ചുദിവസം മാറിനിൽക്കാൻ എനിക്ക് സാധിക്കില്ല. വീട്ടിലെ ജോലിക്കാരി അവധിയിലായതിനാൽ പാചകം ചെയ്യണം. അമ്മയെ നോക്കണം. വീട് വൃത്തിയാക്കണം, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോകണം. ഇതിനൊപ്പം കൗൺസിലർ ജോലിയും ചെയ്യണം.’-ശ്രീലേഖ പറഞ്ഞു.
സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടോ പ്രതിഷേധം കൊണ്ടോ ആണ് യാത്ര ഒഴിവാക്കിയതെന്ന വാദങ്ങൾ തെറ്റാണെന്നും ശ്രീലേഖ പറഞ്ഞു. കൂടാതെ, ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.