19/07/2026
[fontresizer_tawhidurrahmandear_widget]

ഇത്തവണത്തെ ലോകകപ്പ് ജേതാക്കൾക്ക് ട്രോഫി മാത്രമല്ല; ഫിഫയുടെ വക സർപ്രൈസ് സമ്മാനവും

 ഇത്തവണത്തെ ലോകകപ്പ് ജേതാക്കൾക്ക് ട്രോഫി മാത്രമല്ല; ഫിഫയുടെ വക സർപ്രൈസ് സമ്മാനവും

ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ഫൈനലിലെ വിജയികളെ കാത്ത് ഇത്തവണ ട്രോഫിക്കും സ്വർണ്ണ മെഡലിനും പുറമെ ഒരു സർപ്രൈസ് സമ്മാനവും. ചരിത്രത്തിലാദ്യമായി ലോകകപ്പ് ചാമ്പ്യന്മാർക്ക് പ്രത്യേക ‘ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ’ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചു. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ഈ അപൂർവ്വ മോതിരങ്ങൾ ഫൈനൽ ജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക.

ലോകകപ്പ് നടക്കുന്ന വർഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ ഇതിനായി നിർമ്മിക്കുന്നത്. ഇതിൽ 30 എണ്ണം ഫൈനൽ വിജയിക്കുന്ന ടീമിലെ കളിക്കാർക്കും ജീവനക്കാർക്കുമായി മാറ്റിവെക്കും. ബാക്കിയുള്ള 1,996 മോതിരങ്ങൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കായി ഫിഫയുടെ ഔദ്യോഗിക ഉത്പന്നമായി വിപണിയിലെത്തിക്കാനാണ് തീരുമാനം.

ഓരോ മോതിരത്തിന്റെയും ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയുടെ രൂപവും, മറുവശത്ത് ചാമ്പ്യന്മാരാകുന്ന ടീമിനെ പ്രതിനിധീകരിക്കുന്ന അടയാളങ്ങളും കൊത്തിവെച്ചിട്ടുണ്ടാകും. പ്രത്യേക നമ്പറുകളോടെ പുറത്തിറക്കുന്ന ഈ മോതിരങ്ങൾ ഓരോ വ്യക്തിയുടെയും വിരലിന്റെ അളവിന് അനുസരിച്ചായിരിക്കും പൂർത്തിയാക്കുക. ഇതിനൊപ്പം മോതിരത്തിന്റെ ആധികാരികത തെളിയിക്കുന്ന പ്രത്യേക സർട്ടിഫിക്കറ്റും ഫിഫ നൽകും.

ജൂലൈ 19-ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന സ്പെയിൻ – അർജന്റീന ഫൈനൽ പോരാട്ടത്തിന് തൊട്ടുപിന്നാലെയായിരിക്കും ഈ പുരസ്കാര വിതരണം. ഫൈനൽ കഴിഞ്ഞ് ഉടൻ തന്നെ ടീമിന്റെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താൽക്കാലിക മോതിരങ്ങൾ സമ്മാനിക്കും. തുടർന്ന്, മറ്റ് ടീം അംഗങ്ങളുടെ വിരലടയാളം കൃത്യമായി ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ സ്ഥിരം മോതിരങ്ങൾ പിന്നീട് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് കൈമാറും.

Also read: