സിൽവർലൈൻ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കും; പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടും
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സിൽവർലൈനുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകൾ അവയുടെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് മുമ്പാകെ സമർപ്പിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി വിവിധയിടങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പൂർണ്ണമായി നീക്കംചെയ്യുന്നതിന് റവന്യു വകുപ്പിന് നിർദേശം നൽകിയതായും വി.ഡി. സതീശൻ അറിയിച്ചു.
സിൽവർലൈൻ പദ്ധതി ജനങ്ങൾക്കുണ്ടാക്കിയ വലിയ പ്രയാസം നേരിട്ട് മനസ്സിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടക്കുന്നില്ലെന്ന് മാത്രമല്ല, മുൻപ് അത് ഉപേക്ഷിച്ച മട്ടായിരുന്നിട്ടും ഔദ്യോഗികമായി വിജ്ഞാപനം റദ്ദാക്കിയിരുന്നില്ല. ഇതേത്തുടർന്ന് നിരവധി വർഷങ്ങളായി തങ്ങളുടെ ഭൂമി വാങ്ങാനോ വിൽക്കാനോ സാധിക്കാതെ സാധാരണക്കാർ കടുത്ത പ്രതിസന്ധിയിലായിരുന്നു. സിൽവർ ലൈനിനെ എതിർത്ത് മുൻപ് തങ്ങൾ ശക്തമായി സമരം ചെയ്‌തതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ സുപ്രധാന തീരുമാനമെന്നും വി.ഡി. സതീശൻ വിശദീകരിച്ചു. മഞ്ഞക്കുറ്റി കുഴിച്ചിട്ട സ്ഥലങ്ങളിലുള്ള ആളുകൾക്ക് സ്ഥലം വിൽക്കാനോ പണയപ്പെടുത്താനോ പറ്റാത്ത അവസ്ഥയും പദ്ധതിയെക്കുറിച്ചുള്ള ആശങ്കയും ഇതോടെ അവസാനിക്കും. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുമ്പോട്ട് പോകാം എന്ന തീരുമാനത്തിലായിരുന്നു കഴിഞ്ഞ പിണറായി മന്ത്രിസഭയെങ്കിൽ, ഇതാണ് ഇപ്പോൾ വി.ഡി. സതീശൻ മന്ത്രിസഭ പൂർണ്ണമായി റദ്ദാക്കിയിരിക്കുന്നത്.
ഇതിനുപുറമേ, 2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബർ 30 വരെ ദീർഘിപ്പിക്കാൻ പിഎസ്സിക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനവും തിരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ മൂലം പിഎസ്സിക്ക് കൃത്യസമയത്ത് നിയമന ഉത്തരവ് നൽകാൻ സാധിച്ചിരുന്നില്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് കാലാവധി നീട്ടുന്നത്. പുതിയ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനപത്രികയിലുള്ള എല്ലാ കാര്യങ്ങളും കൃത്യമായി പൂർത്തിയാക്കുമെന്നും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ മുൻപ് എടുത്ത നടപടികൾ പുനഃപരിശോധിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.