11/05/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപി ബന്ധം ഉപേക്ഷിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കാം’; എഐഎഡിഎംകെയോട് ഡിഎംകെ

 ‘ബിജെപി ബന്ധം ഉപേക്ഷിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കാം’; എഐഎഡിഎംകെയോട് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ സജീവമാകുന്നു. സർക്കാർ രൂപീകരണത്തിനായി എഐഎഡിഎംകെയുമായി കൈകോർക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഡിഎംകെ വ്യക്തമാക്കി. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരം മറന്ന് ഇരു ദ്രാവിഡ കക്ഷികളും സഖ്യത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ്, വർഗീയ പാർട്ടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന നിലപാട് ഡിഎംകെ അറിയിച്ചത്.

തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നടൻ വിജയിന്റെ ടിവികെയോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആർ.വി. അർലേക്കർ ആവശ്യപ്പെട്ടതോടെയാണ് സഖ്യ ചർച്ചകൾക്ക് വേഗം കൂടിയത്. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് ഭരണം പിടിക്കാൻ വേണ്ടത്. കോൺഗ്രസ് പിന്തുണയോടെ 112 അംഗങ്ങളുടെ ബലം നിലവിൽ ടിവികെയ്ക്കുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് ആറ് പേരുടെ പിന്തുണ കൂടി ആവശ്യമാണ്. വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചതിനാൽ വോട്ടെടുപ്പിൽ ടിവികെയ്ക്ക് ഒരു വോട്ട് കുറയുകയും ചെയ്യും.

തിരഞ്ഞെടുപ്പിൽ 59 സീറ്റുകൾ നേടിയ ഡിഎംകെയും 47 സീറ്റുകളുള്ള എഐഎഡിഎംകെയും മറ്റ് ചെറുകക്ഷികളുമായി ചേർന്നാൽ പുതിയൊരു ഭരണസാധ്യത തെളിയും. എന്നാൽ ബിജെപി ബന്ധമുള്ള എഐഎഡിഎംകെയെ പിന്തുണയ്ക്കുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഡിഎംകെ ഭയപ്പെടുന്നുണ്ട്. ഇതിനിടെ, ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് വിസികെയെ ഒപ്പം നിർത്താൻ വിജയ് ശ്രമം തുടങ്ങിക്കഴിഞ്ഞു. വിസികെയെയും സിപിഎമ്മിനെയും തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള ചർച്ചകൾ ഡിഎംകെയും സജീവമാക്കിയിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വിജയ് ആരാധകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയാണ്.

Also read: