02/03/2026
[fontresizer_tawhidurrahmandear_widget]

‘മുസ്‌ലിം വോട്ടുകൾ കൂട്ടത്തോടെ വെട്ടുന്നു’; ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിയുമായി തൃണമൂൽ | Gyanesh Kumar and Bengal SIR

 ‘മുസ്‌ലിം വോട്ടുകൾ കൂട്ടത്തോടെ വെട്ടുന്നു’; ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിയുമായി തൃണമൂൽ | Gyanesh Kumar and Bengal SIR

മമത ബാനര്‍ജി, ഗ്യാനേഷ് കുമാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തേരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർപട്ടിക തീവ്ര പരിശോധനയിൽ (എസ്ഐആർ) മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ച് വ്യാപകമായി പേര് വെട്ടിമാറ്റുന്നു എന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരാതി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ കാണിങ് ഈസ്റ്റ് എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സാവക്കത്ത് മൊല്ലയുടെ നേതൃത്വത്തിലാണ് പോലീസിൽ പരാതി നൽകിയത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ വോട്ടർമാരെ ബോധപൂർവം ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നു എന്നാണ് തൃണമൂൽ ആരോപിക്കുന്നത്. (Gyanesh Kumar and Bengal SIR)

സാവക്കത്ത് മൊല്ലയുടെ മണ്ഡലമായ കാണിങ് ഈസ്റ്റിൽ മാത്രം 33,000 വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ നീക്കം നടക്കുന്നതായി പരാതിയിൽ പറയുന്നു. ഇതിൽ 90 ശതമാനവും മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരാണ്. ഹിയറിങ് നടപടികൾ പൂർത്തിയാക്കി രേഖകൾ സമർപ്പിച്ചിട്ടും അവസാന നിമിഷം ഇവരെ ‘സംശയാസ്പദമായ’ ഗണത്തിലേക്ക് മാറ്റുകയായിരുന്നു. സമാനമായ രീതിയിൽ ഭംഗർ നിയമസഭാ മണ്ഡലത്തിൽ 22,000 വോട്ടർമാരെയും പട്ടികയ്ക്ക് പുറത്താക്കാൻ നീക്കമുണ്ട്.

വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഭൂരിഭാഗം പേരുടെയും മാതാപിതാക്കളുടെ പേര് 2002-ലെ പട്ടികയിലുണ്ട്. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരും ഇന്ത്യൻ പൗരന്മാരുമായ ഇവരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഒഴിവാക്കുകയാണെന്ന് സാവക്കത്ത് മൊല്ല ആരോപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ന്യൂനപക്ഷ വോട്ടുകൾ ഇല്ലാതാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് സമയം നൽകാതെ വോട്ടർമാരെ ഒഴിവാക്കാൻ കമ്മീഷൻ സമ്മർദ്ദം ചെലുത്തുന്നു. നടപടികളിൽ വീഴ്ച വന്നാൽ സസ്പെൻഷൻ നേരിടേണ്ടി വരുമെന്ന ഭീഷണിയിലാണ് ഉദ്യോഗസ്ഥർ.

വിഷയം രാഷ്ട്രീയ പോരായി മാറിയതോടെ സുപ്രീം കോടതി അസാധാരണമായ ഇടപെടൽ നടത്തി. വോട്ടർപട്ടികയിലെ പരാതികൾ പരിഹരിക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ നിയോഗിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. കല്ക്കട്ട ഹൈക്കോടതിയിലെ ജില്ലാ ജഡ്ജിമാർ ഓരോ ജില്ലയിലും പരാതികൾ നേരിട്ട് പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള ‘അവിശ്വാസം’ പരിഗണിച്ചാണ് കോടതിയുടെ നീക്കം.

ബംഗാളിൽ ആകെ 58 ലക്ഷം വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതായാണ് വിവരം. ഇത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചാണെന്ന ആരോപണം വരും ദിവസങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കും. ഫെബ്രുവരി 28-നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

Also read: