28/03/2026
[fontresizer_tawhidurrahmandear_widget]

‘അമേരിക്കയെ സഹായിച്ചില്ലെങ്കിൽ നാറ്റോയെ കാത്തിരിക്കുന്നത് മോശം ഭാവി’; സഖ്യകക്ഷികൾക്കും ചൈനയ്ക്കും മുന്നറിയിപ്പുമായി ട്രംപ്

 ‘അമേരിക്കയെ സഹായിച്ചില്ലെങ്കിൽ നാറ്റോയെ കാത്തിരിക്കുന്നത് മോശം ഭാവി’; സഖ്യകക്ഷികൾക്കും ചൈനയ്ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ വീണ്ടും ലോകരാജ്യങ്ങളുടെ സഹായം തേടേി ഡൊണാൾഡ് ട്രംപ്. അമേരിക്കയെ സൈനികമായി സഹായിച്ചില്ലെങ്കിൽ നാറ്റോസഖ്യത്തിന് വളരെ മോശം ഭാവിയായിരിക്കും വരാൻ പോകുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഹോർമുസ് സുരക്ഷിതമാക്കാൻ ചൈനയും ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

‘ഫിനാൻഷ്യൽ ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് സഖ്യരാജ്യങ്ങൾക്കും ചൈന ഉൾപ്പെടെയുള്ള മറ്റു കക്ഷികൾക്കും യുഎസ് പ്രസിഡന്റ് താക്കീത് നൽകിയത്. നാറ്റോ സഖ്യത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, യുക്രെയ്ൻ യുദ്ധകാലത്ത് അമേരിക്ക നൽകിയ വലിയ സഹായങ്ങൾ ഓർമിപ്പിച്ചു. ‘അമേരിക്കയിൽനിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള യുക്രെയ്‌നെ സഹായിക്കാൻ അമേരിക്ക ബാധ്യസ്ഥരായിരുന്നില്ല. എങ്കിലും നമ്മൾ അവരെ സഹായിച്ചു. ഇപ്പോൾ അവർ നമ്മെ സഹായിക്കുമോ എന്ന് നോക്കാം. നാറ്റോ ഒരു വൺ-വേ സ്ട്രീറ്റാണെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്,’ ട്രംപ് പറഞ്ഞു. കടലിടുക്ക് വഴി വരുന്ന എണ്ണയുടെ പ്രധാന ഗുണഭോക്താക്കൾ യൂറോപ്പും ചൈനയുമാണെന്നും, അതിനാൽ അതിന്റെ സുരക്ഷ ഉറപ്പാക്കാൻ അവർ തന്നെ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ മാസം അവസാനം ബെയ്ജിങ്ങിൽ നടക്കാനിരിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഉച്ചകോടി മാറ്റിവെച്ചേക്കുമെന്നും ട്രംപ് സൂചന നൽകി. ‘ചൈന അവരുടെ എണ്ണയുടെ 90 ശതമാനവും ഈ കടലിടുക്ക് വഴിയാണ് കൊണ്ടുവരുന്നത്. അതിനാൽ അവരും സഹായിക്കണം. ഉച്ചകോടി വരെ കാത്തിരിക്കാൻ കഴിയില്ല. രണ്ട് ആഴ്ച എന്നത് വലിയ സമയമാണ്. സാഹചര്യം അനുകൂലമല്ലെങ്കിൽ യാത്ര വൈകിപ്പിക്കും,’ അദ്ദേഹം വ്യക്തമാക്കി.

എത്തരത്തിലുള്ള സഹായമാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ‘ആവശ്യമായതെന്തും’ എന്നായിരുന്നു ട്രംപിന്റെ മറുപടി. യൂറോപ്പിന്റെ കൈവശമുള്ള മൈൻ സ്വീപ്പറുകൾ (കടൽ മൈനുകൾ നീക്കം ചെയ്യുന്ന കപ്പലുകൾ) കടലിടുക്കിലേക്ക് അയക്കണമെന്നും ഇറാൻ തീരത്ത് ഡ്രോണുകളും മൈനുകളുമായി ശല്യം സൃഷ്ടിക്കുന്ന സംഘങ്ങളെ ഇല്ലാതാക്കാൻ യൂറോപ്യൻ കമാൻഡോ സംഘങ്ങൾ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടന്റെ നിലപാടിൽ ട്രംപ് പ്രത്യേക അതൃപ്തി രേഖപ്പെടുത്തി. ഇറാന്റെ ശേഷി നശിപ്പിച്ചു കഴിഞ്ഞാൽ രണ്ട് കപ്പലുകൾ അയക്കാമെന്ന ബ്രിട്ടീഷ് നിലപാടിനെ ട്രംപ് പരിഹസിച്ചു. വിജയിച്ച ശേഷമല്ല, വിജയിക്കുന്നതിന് മുൻപാണ് നമുക്ക് കപ്പലുകൾ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാന്റെ സൈനിക ശേഷി കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് അമേരിക്കയും ഇസ്രയേലും ചേർന്ന് തകർത്തതായും ട്രംപ് അവകാശപ്പെട്ടു. ‘ഇറാൻ ഇപ്പോൾ നിസ്സഹായരാണ്. അവർക്ക് നാവികസേനയോ വ്യോമസേനയോ ബാക്കിയില്ല. ആകെയുള്ളത് കടലിൽ മൈനുകൾ വിതറി ശല്യം ഉണ്ടാക്കുക എന്നത് മാത്രമാണ്. ഖാർഗ് ഐലൻഡിലെ ഇന്ധന പൈപ്പുകൾ ഒഴികെ ബാക്കിയെല്ലാം നമ്മൾ തകർത്തു. വിചാരിച്ചാൽ അഞ്ച് മിനിറ്റ് കൊണ്ട് അതും തകർക്കാൻ നമുക്ക് കഴിയും,’ ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാൻ യുദ്ധം തുടങ്ങിയ ശേഷം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 106 ഡോളറായി കുതിച്ചുയർന്നിരിക്കുകയാണ്. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമെന്ന ഭീതി നിലനിൽക്കെയാണ് സഖ്യകക്ഷികളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ട്രംപ് സമ്മർദം ശക്തമാക്കുന്നത്.

Also read: