27/03/2026
[fontresizer_tawhidurrahmandear_widget]

‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ഉത്തരവിടേണ്ട; ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ആക്രമണം നിർത്തും’-വെടിനിർത്തൽ ആവശ്യം തള്ളി ഇറാൻ

 ‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ഉത്തരവിടേണ്ട; ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ആക്രമണം നിർത്തും’-വെടിനിർത്തൽ ആവശ്യം തള്ളി ഇറാൻ

ഡൊണാള്‍ഡ് ട്രംപ്, മുജ്തബ ഖാംനഇ

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി ഇറാൻ. ട്രംപിന്റെ നിർദേശങ്ങൾ അമിതവും ഏകപക്ഷീയവുമാണെന്ന് ഇറാൻ വിമർശിച്ചു. സമാധാന ചർച്ചകളുടെ സമയക്രമം അമേരിക്ക നിശ്ചയിക്കേണ്ടതില്ലെന്നും തങ്ങളുടെ സുരക്ഷാ നിബന്ധനകൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. ട്രംപിന്റെ 15 ഇന നിർദേശങ്ങളോട് ഇറാന്റെ പ്രാഥമിക പ്രതികരണം ശുഭകരമല്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തുകയാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, അമേരിക്കയുടെ നിർദേശങ്ങൾ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് ഇറാന്റെ നിലപാട്. ‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാൻ ട്രംപിനെ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ നിബന്ധനകൾ പൂർണമായും പാലിച്ചാൽ മാത്രമേ സമാധാനം സാധ്യമാകൂ,’ ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ട്രംപ് നിശ്ചയിക്കുന്ന സമയക്രമത്തിന് അനുസരിച്ച് നീങ്ങാൻ തങ്ങൾ തയാറല്ലെന്ന കൃത്യമായ സന്ദേശമാണ് ഇറാൻ നൽകുന്നത്.

നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ കടുത്ത വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ സൈനിക താവളങ്ങളും പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ കടന്നാക്രമണം. ട്രംപിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഉണ്ടായ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

മേഖലയിൽനിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം, ഉപരോധങ്ങൾ പൂർണമായും നീക്കം ചെയ്യുക, ഭാവിയിൽ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകുക, ഇതുവരെ നടന്ന ആക്രമണത്തിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഈ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ ആവർത്തിച്ചു. അമേരിക്കയുടെ നിലവിലെ നിർദേശങ്ങൾ ഇസ്രയേലിനെ മാത്രം സഹായിക്കുന്നതാണെന്നും ഇറാൻ കുറ്റപ്പെടുത്തി.

മുജ്തബ ഖാംനഇയുടെ നേതൃത്വത്തിലുള്ള പുതിയ ഇറാൻ ഭരണകൂടം ട്രംപിന്റെ അന്ത്യശാസനങ്ങൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ്. പശ്ചിമേഷ്യയിൽ വെടിനിർത്തൽ ഉടൻ ഉണ്ടാകില്ലെന്ന സൂചനയാണ് ഇറാന്റെ പുതിയ പ്രതികരണവും നൽകുന്നത്.

Also read: