02/04/2026
[fontresizer_tawhidurrahmandear_widget]

‘മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നു; ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണം’; രൂക്ഷവിമർശനവുമായി ഇറ്റലി

 ‘മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നു; ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണം’; രൂക്ഷവിമർശനവുമായി ഇറ്റലി

റോം: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറ്റലി. എല്ലാ മാനുഷിക പരിധിയും ലംഘിച്ച് കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇപ്പോഴും തുടരുന്ന കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് അവർ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. സാധാരണക്കാരെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്നതെന്നും ഇതിനെതിരെ യൂറോപ്യൻ കമ്മീഷൻ നിർദേശിക്കുന്ന ഉപരോധങ്ങൾക്ക് അനുകൂലമായി ഇറ്റലി വോട്ട് ചെയ്യുമെന്നും മെലോണി വ്യക്തമാക്കി.

വാർത്താസമ്മേളനത്തിലാണ് ഇസ്രയേലിനെതിരെ മെലോണി കടുത്ത ഭാഷയിൽ പ്രതികരിച്ചത്: ‘ഫലസ്തീനിലെ സാധാരണക്കാരെ വലിയ തോതിൽ ബാധിക്കുന്ന രീതിയിൽ ഇസ്രയേൽ യുദ്ധത്തിന്റെ പരിധികൾ ലംഘിച്ചു. മാനുഷിക മാനദണ്ഡങ്ങൾ ലംഘിച്ച ഇസ്രയേൽ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്ന അവസ്ഥയിലെത്തി. ഇറ്റലി പലതവണ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ച ഈ നടപടികൾ കാരണം, ഇസ്രയേലിനെതിരെ യൂറോപ്യൻ കമ്മീഷൻ നിർദേശിച്ച ചില ഉപരോധങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും.’-ജോർജിയ മെലോണി വ്യക്തമാക്കി.

പരമ്പരാഗതമായി ഇസ്രയേലിനെ ശക്തമായി പിന്തുണച്ചിരുന്ന ഇറ്റലിയുടെ നിലപാടിലെ വലിയ മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഗസ്സയിലെ മരണസംഖ്യ വർധിക്കുന്നതും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതുമാണ് മെലോണിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. അതേസമയം, ഇസ്രേയലിനെതിരെ സമ്പൂർണമായ ഉപരോധത്തെ ഇറ്റലി പിന്തുണയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ, ഭാഗികമായി ഉപരോധം ഏർപ്പെടുത്താനുള്ള ഇ.യു നീക്കത്തിൽ അവർ വിയോജിപ്പറിയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇറ്റലിക്കുള്ളിൽ നിന്നുതന്നെയുള്ള കടുത്ത പ്രതിഷേധങ്ങളാണ് നിലപാട് മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. ഗസ്സ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ ഇറ്റലിയിൽ തൊഴിലാളി സംഘടനകളും പൊതുജനങ്ങളും വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിനുപുറമെ, ഗസ്സയിലേക്കുള്ള ഉപരോധം ലംഘിച്ച് സഹായമെത്തിക്കാൻ ശ്രമിച്ച ‘ഗ്ലോബൽ സുമുദ് ഫ്‌ലോട്ടില്ല’ എന്ന കപ്പൽ വ്യൂഹത്തെ മെലോണി നേരത്തെ വിമർശിച്ചിരുന്നു. ഇത് അപകടകരമായ നീക്കമാണെന്നും ഔദ്യോഗിക ചാനലുകൾ വഴി സഹായം എത്തിക്കണമെന്നുമാണ് അവർ അന്ന് വാദിച്ചിരുന്നത്.

മെലോണിയുടെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്. ഇറ്റലിയിലെ ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണിതെന്ന് ഒരു വിഭാഗം വിലയിരുത്തുമ്പോൾ, ഉപരോധങ്ങളെക്കുറിച്ചുള്ള പരാമർശം വളരെ വൈകിപ്പോയെന്നും പരിമിതമാണെന്നും വിമർശിക്കുന്നവരുണ്ട്. യൂറോപ്യൻ യൂനിയനുള്ളിലെ ചർച്ചകളെ ഇറ്റലിയുടെ പുതിയ തീരുമാനം വരും ദിവസങ്ങളിൽ സ്വാധീനിച്ചേക്കും.

അതേസമയം, രണ്ടാം മാസത്തിലേക്കു കടക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തിലും ഇറ്റലി വേറിട്ട നിലപാടാണു സ്വീകരിച്ചത്. ഇറാനെതിരായ സൈനിക നടപടിയിൽ ഭാഗമാകുന്ന യുദ്ധവിമാനങ്ങൾക്ക് ഇറ്റലി തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇറ്റലിയിലെ സൈനിക താവളത്തിൽ വിമാനം ഇറയ്ക്കാനുള്ള ശ്രമം തടഞ്ഞതും വലിയ വാർത്തയായിട്ടുണ്ട്.

Also read: